എന്തിന് ഇതെല്ലാം വാങ്ങിക്കഴിക്കുന്നു : Global Organisation for Pravasis Urakam (GOPUR)

.
Published On: Tuesday, June 12, 2012

എന്തിന് ഇതെല്ലാം വാങ്ങിക്കഴിക്കുന്നു

എന്തിന് ഇതെല്ലാം വാങ്ങിക്കഴിക്കുന്നു
ശര്‍മിള
പൊട്ടറ്റോ ചിപ്‌സും ന്യൂഡില്‍സും പോലുള്ള റെഡിമെയ്ഡ് ഭക്ഷണങ്ങള്‍ ആരോഗ്യത്തെ വളരെയധികം അപകടപ്പെടുത്തുന്നുവെന്ന് പഠനങ്ങള്‍...

'എനിക്കൊരു ചിക്കന്‍ബര്‍ഗ്ഗര്‍, നോ എക്‌സ്ട്രാ ടോപ്പിങ്ങ് ഓഫ് ചീസ് പഌസ്. ബട്ടര്‍ അധികം വേണ്ട. ഉപ്പ് കുറച്ച്. പച്ചക്കറി കണ്ടന്റ് കൂട്ടാം...,'' മാളിലെ സ്‌നാക്ക് ബാര്‍ കൗണ്ടറില്‍ ഓര്‍ഡര്‍ പറയുമ്പോള്‍ ഇങ്ങനെ ചില നിര്‍ദ്ദേശങ്ങളായാലോ... എക്‌സ്ട്രാ ചീസ് എന്നാല്‍ സാധാരണയില്‍ കവിഞ്ഞ അളവില്‍ കലോറി അടങ്ങിയ ഭക്ഷണം എന്നര്‍ത്ഥം. കലോറി ആധികമായാല്‍ വണ്ണം കൂടും. ആരോഗ്യത്തിന്റെ താളം തെറ്റും. രോഗങ്ങള്‍ പിടിമുറുക്കും. മോഡേണ്‍ ഫുഡ് വിപണിയില്‍ കൊതിപ്പിക്കുന്ന ഓഫറുകളുമുണ്ട്. കുട്ടികള്‍ക്കായുള്ള കോംബോ ഓഫറുകള്‍ ആകര്‍ഷകം. ബര്‍ഗ്ഗര്‍ + പെപ്‌സി + ഫ്രഞ്ച് ഫ്രൈസ്...ഡബിള്‍ കലോറിയാണ് സാധനം...ജാഗ്രതൈ...ഓഫറുകളിലും വീഴാതെ നോക്കാം. ബര്‍ഗ്ഗര്‍ കഴിക്കാന്‍ മോഹിച്ചെത്തിയതാമെങ്കില്‍ അത് മാത്രം കഴിച്ചാല്‍ പോരേ? കോമ്പോ ഓഫറിന്റെ നേര്‍ക്ക് കണ്ണടച്ചേക്കാം. രോഗങ്ങള്‍ ചുറ്റിലുമുണ്ട്. അമിതവണ്ണം,പ്രമേഹം,കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം...ഇവയ്ക്ക് പുതിയ ഭക്ഷണശൈലിയുമായുള്ള അടുത്ത ബന്ധം വ്യക്തമായി തെളിഞ്ഞതുമാണ്.

രാവിലത്തെ പലഹാരമോ ഉച്ചയ്ക്കത്തെ ഊണോ കഴിക്കാന്‍ പറ്റാതെ വന്നാല്‍ പകരം സന്തോഷത്തോടെ ഒരു പായ്ക്കറ്റ് പൊട്ടെറ്റോ ചിപ്‌സോ ഫ്രഞ്ച് ഫ്രൈസോ വാങ്ങി കഴിക്കില്ലേ? ഒപ്പം എന്തെങ്കിലുമൊരു ബോട്ടില്‍ഡ് ഡ്രിങ്കും? പ്രത്യേകിച്ചും യാത്രയിലാവുമ്പോള്‍? കഴിക്കുന്തോറും വീണ്ടും വീണ്ടും കഴിക്കാന്‍ തോന്നും. അത്ര രുചി...പക്ഷെ ഇവ ആരോഗ്യത്തെ എത്രത്തോളം കുഴപ്പത്തിലാക്കുന്നുണ്ട് ? ദല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ദി സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് അത്തരമൊരു പഠനം നടത്തി. ജങ്ക്ഫുഡുകളിലെ പോഷകനിലവാരത്തെക്കുറിച്ച് ഞെട്ടിക്കുന്ന ചില വസ്തുതകളാണ് പഠനം കണ്ടെത്തിയത്.

ജങ്ക് ഫുഡില്‍ അപകടം

പാര്‍ക്കില്‍, തിയേറ്ററില്‍, സുഖവാസകേന്ദ്രങ്ങളില്‍, ബസ് സ്റ്റാന്‍ഡില്‍, റെയില്‍വേ സ്റ്റേഷനില്‍,ട്രെയിനില്‍ എന്നുവേണ്ട കൈയ്യെത്തും ദൂരത്തെല്ലാം വര്‍ണ്ണ ശബളമായ പായ്ക്കറ്റുകളില്‍, കുപ്പികളില്‍, ജങ്ക്ഫുഡുകള്‍ മാടിവിളിക്കുന്നു. കുട്ടികളാണ് ഇവയുടെ കടുത്ത ആരാധകര്‍. പക്ഷെ, കാണാനുള്ള ഭംഗിയ്ക്കും മയക്കുന്ന രുചിക്കുമപ്പുറമാണ് ആരോഗ്യത്തിന് ജങ്ക്ഫുഡ് ഉയര്‍ത്തുന്ന ഭീഷണി.

ഉപ്പ് പുരട്ടിയ സ്‌നാക്ക്‌സ്, ഫ്രൈസ്, കാര്‍ബണേറ്റഡ് ഡ്രിങ്ക്‌സ്...ജങ്ക്ഫുഡ്‌സ് സ്ഥിരമായോ അമിതമായോ കഴിക്കുന്നതുമൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഇന്ന് ലോകവ്യാപകമാണ്. അമിതവണ്ണം, ഷുഗര്‍, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം...ലൈഫ്‌സ്റ്റൈല്‍ രോഗങ്ങള്‍ പ്രായഭേദമില്ലാതെ എല്ലാവരേയും ബാധിക്കുന്നു.
പ്രധാനമായ പോഷകഘടകങ്ങളെല്ലാം വളരെ കുറഞ്ഞുകാണപ്പെടുന്ന ഭക്ഷ്യവസ്തുക്കളെയാണ് ജങ്ക്ഫുഡ് എന്നുപറയുന്നത്. പായ്ക്കറ്റുകളില്‍ കിട്ടുന്ന റെഡിമെയ്ഡ്-ഈസി ടു ഈറ്റ്-ഫാസ്റ്റ്ഫുഡുകളാണിവ. ഇവയില്‍ പ്രോട്ടിനോ വൈറ്റമിനുകളോ മിനറലുകളോ ഇല്ല എന്നുതന്നെ പറയാം. അതേസമയം, ഉപ്പ്, കൊഴുപ്പ്,കലോറി എന്നിവ വളരെ ഉയര്‍ന്ന തോതിലുമാണ്. കേക്കിലും ചോക്കലേറ്റുകളിലും സാചുറേറ്റഡ് ഫാറ്റ് ഉയര്‍ന്ന അളവിലാണ്.

ദിവസവും ജങ്ക്ഫുഡ് കഴിക്കുന്നത് ശീലമാക്കിയ കുട്ടികളില്‍ പോഷകാഹാരക്കുറവുണ്ടാക്കും. വളരെ ചെറിയ കുട്ടികളാണെങ്കില്‍ ഇത് വളര്‍ച്ചയെ സാരമായി ബാധിക്കും. പുതുതായി മുളച്ച പല്ലുകള്‍ എളുപ്പം നശിച്ചുപോവാം. വളരുമ്പോള്‍ അമിതവണ്ണമുണ്ടാകാനും ഇടയാക്കുന്നു. ആവശ്യത്തിന് പോഷകങ്ങള്‍ ലഭിക്കാതെ വളരുന്നത്, കുട്ടികളുടെ ഐക്യു ലവലിനെ ബാധിക്കുന്നു.

ജങ്ക്ഫുഡിന്റെ ദീര്‍ഘകാല ഉപയോഗം, തലച്ചോറിന്റെ സ്‌ട്രൈററം എന്ന ഭാഗത്തെ പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കുന്നുവെന്നാണ് ടെക്‌സാസ് യൂണിവാഴ്‌സിറ്റിയിലേയും ഒറിഗോണ്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലേയും പഠനങ്ങള്‍ കണ്ടെത്തിയത്. മയക്ക്മരുന്ന്് ഉപയോഗിക്കുന്നവരിലെന്നപോലെ കൂടുതല്‍ കഴിച്ചാലേ സംതൃപ്തി കിട്ടൂ എന്ന അവസ്ഥ ജങ്ക്ഫുഡ് സ്ഥിരമായി കഴിക്കുന്നവരിലും ഉണ്ടാവുന്നുവെന്ന് ചുരുക്കം.
കുട്ടികളും കൗമാരക്കാരുമാണ് ജങ്ക്ഫുഡിന്റെ പ്രധാന ഉപഭോക്താക്കള്‍. കഴിഞ്ഞ വര്‍ഷം ലോകാരോഗ്യസംഘടന, സ്‌കൂളിലും കളിസ്ഥലത്തും ജങ്ക്ഫുഡ് നിരോധിക്കാനുള്ള ശുപാര്‍ശ പുറത്തിറക്കിയിരുന്നു. ആരോഗ്യകരമായ ഭക്ഷണശീലം പ്രോത്സാഹിപ്പിക്കുകയും കുട്ടികളിലെ അമിതവണ്ണം തടയുകയുമായിരുന്നു ലക്ഷ്യം. തുടര്‍ന്ന്, ബ്രിട്ടന്‍,മെക്‌സിക്കോ,അബുദാബി, കാനഡ തുടങ്ങിയ പല രാജ്യങ്ങളും ജങ്ക്ഫുഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കുട്ടികള്‍ക്കുള്ള ടെലിവിഷന്‍ പരിപാടികള്‍ക്കിടയില്‍ ജങ്ക്ഫുഡുകളുടെ പരസ്യങ്ങള്‍ നിരോധിച്ചു. സ്‌കൂളുകള്‍ക്കും കളിസ്ഥലങ്ങള്‍ക്കും സമീപം ഇവ വില്‍ക്കുന്നത് വിലക്കി. ഹംഗറിയും ഡെന്‍മാര്‍ക്കും ഫാറ്റ് ടാക്‌സ് എന്ന പേരില്‍ ഉപ്പും പഞ്ചസാരയും കാര്‍ബോഹൈഡ്രേറ്റും ഉയര്‍ന്ന അളവിലടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ക്ക് നികുതി ചുമത്തി...

ഉപ്പേറിയാല്‍...

ഭക്ഷണത്തിലെ ഉപ്പ് കഴിവതും കുറയ്ക്കണമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ന്യൂട്രിഷന്റെ (ചകച) ഭക്ഷ്യ സംബന്ധിയായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പറയുന്നു. ചകച നിര്‍ദ്ദേശിക്കുന്നത് ഒരാള്‍ക്ക് ഒരു ദിവസം ഭക്ഷണത്തിലൂടെ കിട്ടുന്ന ഉപ്പിന്റെ അളവ് ആറ് ഗ്രാം ആവാമെന്നാണ്. ഒരാള്‍ക്ക് ഒരു ദിവസം അഞ്ച് ഗ്രാം ഉപ്പാണ് ലോകാരോഗ്യസംഘടന നിര്‍ദ്ദേശിക്കുന്നത്. ചില പായ്ക്കറ്റ് കറുമുറു സാധനങ്ങള്‍ക്ക് ഭയങ്കര ഉപ്പാണെന്ന് നാം തന്നെ പറയാറില്ലേ...അത്തരം സാധനങ്ങള്‍ രണ്ടാമതൊരിക്കല്‍ കൂടി വാങ്ങാതിരിക്കാന്‍ ശ്രദ്ധിക്കാം. ഉപ്പ് അധികമാവുന്നത് വളരെ ചെറുപ്പത്തില്‍ തന്നെ രക്തസമ്മര്‍ദ്ദത്തിന് കാരണമാവുകയും ഭാവിയില്‍ ഹൃദയസംബന്ധിയായ അസുഖങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്യും.

വിപണിയില്‍ ലഭ്യമായ ജങ്ക്ഫുഡുകളില്‍ അടങ്ങിയ ഉപ്പിന്റെ അളവ്, 100 ഗ്രാമില്‍ 0.2 തൊട്ട് 4.2 വരെയാണ്. ഏറ്റവുമധികം ഉപ്പ് അടങ്ങിയത് ഇന്‍സ്റ്റാന്‍ഡ് നൂഡില്‍സിലാണ്. 100 ഗ്രാം നൂഡില്‍സില്‍ 3.2 ഗ്രാം തൊട്ട് 4.2 ഗ്രാം വരെയാണ്. 100 ഗ്രാം പൊട്ടെറ്റോ ചിപ്‌സില്‍ അടങ്ങിയിരിക്കുന്ന ഉപ്പിന്റെ അളവ് 1.2 ഗ്രാം തൊട്ട് 3.5 ഗ്രാം വരെയാണ്.

മധുരം പുരട്ടിയ ഭീഷണി

പെപ്‌സി, കോള പോലുള്ള കുപ്പിയിലടച്ച ശീതളപാനീയങ്ങളില്‍ പഞ്ചസാര കൂടിയ അളവിലുണ്ട്. മാക്‌ഡൊണാള്‍ഡ്‌സിന്റെയും ഗഎഇയുടേയും ഡെസര്‍ട്ടുകളിലും ഷേക്കുകളിലും പഞ്ചസാരയുടെ അംശം വളരെ ഉയര്‍ന്നതാണെന്ന് അതാത് കമ്പനികളുടെ ഔദ്യോഗിക വെബ്‌സൈറ്റുകളില്‍ത്തന്നെ വായിച്ചറിയാം. ഇപ്പോള്‍ത്തന്നെ കേരളത്തില്‍ പ്രമേഹം ബാധിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. കുട്ടികളിലെ പ്രമേഹവും അപൂര്‍വ്വമല്ല. ഈയൊരവസ്ഥയില്‍ പഞ്ചസാരയുടെ അമിതമായ ഉപഭോഗം കുറയ്ക്കുക മാത്രമേ വഴിയുള്ളു. എത്ര പ്രിയപ്പെട്ട രുചിയാണെങ്കിലും ഇത്തരം ഭക്ഷ്യവസ്തുക്കളുടെ ആപത്ത് തിരിച്ചറിയണം. ഏതെങ്കിലും തരത്തിലുള്ള ജങ്ക്ഫുഡ് നിയന്ത്രണം നമ്മള്‍ സ്വീകരിക്കുകയും വേണം.

പൊട്ടെറ്റോചിപ്‌സ്, ബര്‍ഗ്ഗര്‍, പിസ, ഫ്രൈഡ് ചിക്കന്‍ എന്നിവയില്‍ കൊഴുപ്പാണ് ഏറ്റവുമധികം അടങ്ങിയിരിക്കുന്നത്. സാചുറേറ്റ്ഡ് ഫാറ്റും ട്രാന്‍സ് ഫാറ്റും ഹൃദ്രോഗബാധയുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു എന്നത് ഏറെക്കുറെ അംഗീകരിക്കപ്പെട്ട വസ്തുതയാണ്. ഈ രണ്ട് ഘടകങ്ങളും ടൈപ്പ്-2 പ്രമേഹസാധ്യത കൂടാന്‍ നേരിട്ടിടയാക്കുന്നു.

വേണ്ടത് സന്തുലിതാഹാരം

കൊഴുപ്പ്, അന്നജം, പ്രോട്ടീന്‍ എന്നിവയാണ് നമ്മുടെ ഭക്ഷണത്തിലെ പ്രധാന കലോറി സ്രോതസ്സുകള്‍.പ്രായം,ശാരീരിക പ്രവര്‍ത്തനം, ശാരീരിക സ്ഥിതി എന്നിവയ്ക്കനുസരിച്ച് ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങളുടെ അളവ് വ്യത്യാസപ്പെടും. അടിസ്ഥാന ഭക്ഷ്യഘടകങ്ങള്‍ ഒരുമിച്ച് ചേര്‍ത്താല്‍ പോഷകാഹാരമായി. എല്ലാതരം ഭക്ഷണത്തിലും പാനീയങ്ങളിലും പല അളവില്‍ ഇത്തരം സൂക്ഷ്മമായ പോഷകഘടകങ്ങളുടെ കൂട്ട്് ഉണ്ട്. ഇന്ത്യക്കാര്‍ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ന്യൂട്രിഷന്‍ നിര്‍ദ്ദേശിക്കുന്ന ബാലന്‍സ്ഡ് ഡയറ്റ് ഇങ്ങനെയാണ്: അന്നജത്തില്‍ നിന്നും 50-60 ശതമാനം കലോറി, പ്രോട്ടീനില്‍ നിന്നും 10-12 ശതമാനം കലോറി, കൊഴുപ്പില്‍ നിന്നും 20-25 ശതമാനം കലോറിയും തരാന്‍ സാധിക്കുന്ന ഭക്ഷണമാണ് ബാലന്‍സ്ഡ് ഡയറ്റ്. മൊത്തം കലോറിയുടെ രണ്ട് ശതമാനം ട്രാന്‍സ് ഫാറ്റില്‍ നിന്നാവാമെന്നാണ് ചകച-ന്റെ മാനദണ്ഡം. ണഒഛ-യുടെ കണക്കില്‍ ഇത് ഒരു ശതമാനവും. ആരോഗ്യത്തിന് അത്യാവശ്യമായ നാരുകള്‍, ആന്റി ഓക്‌സിഡന്റ്‌സ്, ഫൈറ്റോകെമിക്കല്‍സ് എന്നിവയും ഒരു ബാലന്‍സ്ഡ് ഡയറ്റില്‍ അത്യന്താപേക്ഷിതമാണ്. വൈറ്റമിന്‍ സി, ഇ,ബിറ്റാ കരോട്ടിന്‍,റൈബോഫ്ലാവിന്‍,സെലനിയം തുടങ്ങിയ ആന്റിഓക്‌സിഡന്റുകള്‍ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു.

നമ്മുടെ കേരളീയമായ ഭക്ഷണരീതി പിന്തുടരുന്നതാണ് ഏറ്റവും ആരോഗ്യകരം. രാവിലെ പ്രഭാതഭക്ഷണമായി ഇഡ്ഡലി,ദോശ,പുട്ട്, അപ്പം...ഒപ്പം പച്ചക്കറിയോ പരിപ്പ് കറിയെ മീന്‍കറിയെ കഴിക്കാം.നാടന്‍ മട്ടിലുള്ള ചിക്കന്‍കറിയും എത്രയോ നല്ലത്. ഉച്ചയൂണിന് ചോറ് തന്നെ കഴിക്കുക. സാമ്പാര്‍, എരിശ്ശേരി,കാളന്‍,മോരുകറി പോലുള്ള നാടന്‍ ഒഴിച്ചുകറികള്‍ തന്നെ മതി. തോരനും മെഴുക്ക്ുപുരട്ടിയുമായാല്‍ ഉച്ചഭക്ഷണം ഗംഭീരമായി. കുഞ്ഞുങ്ങളെ നാടന്‍ ഭക്ഷണം കഴിച്ച് ശീലിപ്പിക്കുക. ചൊട്ടയിലെ ശീലം ചുടല വരെ എന്നല്ലേ...രക്ഷിതാക്കളാണ് കുട്ടികള്‍ എന്ത് കഴിക്കുന്നു എന്ന് തീരുമാനിക്കുന്നത്. നല്ല ശീലങ്ങള്‍ അത്ര വേഗം അവരെ വിട്ടുപോവുകയുമില്ല. ഭക്ഷണക്കാര്യത്തില്‍ ഫാഷനേക്കാള്‍ പ്രധാനം നമ്മുടെ ആരോഗ്യം തന്നെ എന്ന് ഒന്നുകൂടി മനസിലുറപ്പിക്കാം.

പഴങ്ങളും പചക്കറികളും കഴിക്കുക

ഫ്രൈഡ് ഫുഡ്‌സില്‍ പ്രിസര്‍വേറ്റീവ്‌സ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ദോഷമുണ്ടാക്കും. ആരോഗ്യത്തെ ക്രമേണ മോശമായി ബാധിക്കും. ഇവയില്‍ ഉപ്പിന്റെ അംശവും കൂടുതലായി കാണുന്നു. നൂഡില്‍സിലും കോണ്‍ഫ്ലേക്‌സിലുമൊക്കെ ഉപ്പ് വളരെ കൂടുതലാണ്. കേരളത്തില്‍ ബഌഡ്പ്രഷര്‍ രോഗികള്‍ കൂടിവരികയാണ്. നാല്‍പ്പത് വയസിനുള്ളില്‍ ഹൈ ബിപി വന്നവര്‍ ഏതാണ്ട് 40% വരും.

പഴങ്ങളും പച്ചക്കറികളും നന്നായി കഴിക്കുക. നാരുകള്‍ അടങ്ങിയ പച്ചക്കറികള്‍ കൂടുതല്‍ കഴിക്കുക. വാഴയുടെ ഉണ്ണിപ്പിണ്ടി, വാഴക്കുടപ്പന്‍, മുരിങ്ങക്കായ, ചീര, വെണ്ട എന്നിവ നിത്യാഹാരത്തിലുള്‍പ്പെടുത്തുക. ഉപ്പ് കൂടുതലുള്ള പായ്ക്കറ്റ് ഫുഡ് തീര്‍ത്തും ഒഴിവാക്കുക. പായ്ക്കറ്റ് ഫുഡുകളില്‍ പേരിന് മാത്രമേ ലേബലിങ്ങ് ഉള്ളൂ. ഉള്ളത് കൃത്യവുമല്ല. ലേബലിങ്ങ് കൃത്യമാക്കാന്‍ സര്‍ക്കാര്‍ നിയമമുണ്ടാക്കേണ്ടിയിരിക്കുന്നു.

വയറിന് സുഖം തൈര്


പുറത്ത് പോയി വയര്‍ നിറയെ പൊറോട്ടയും ബട്ടര്‍ ചിക്കനും കഴിച്ചെന്നിരിക്കട്ടെ. അതിന് ശേഷം, മറക്കാതെ ഒരു കപ്പ് തൈര് കഴിക്കുക. വയറിന് നല്ലതാണ്. തൈരിലെ ലാക്‌ടോ ബാസിലസ് എന്ന ബാക്ടീരിയ ദഹനപ്രക്രിയ സുഗമമാക്കാന്‍ സഹായിക്കുന്നു. മോരും ഇതേഗുണം ചെയ്യും. 

പുറത്ത് നിന്ന് ഭക്ഷണം കഴിക്കുമ്പോള്‍, മെനു മുന്നിലെത്തിയാല്‍ ഓര്‍ഡര്‍ ചെയ്യും മുന്‍പ് രണ്ടാമതൊന്നാലോചിക്കുക. പൊറാട്ടയ്ക്ക് പകരം തന്തൂരി റൊട്ടിയാവാം. ബട്ടര്‍ നാനിന് പകരം സാധാരണ നാന്‍ മതിയല്ലോ. അല്ലെങ്കില്‍ ചപ്പാത്തിയോ റോട്ടിയോ. ഇനി പൊറോട്ട വല്ലപ്പോഴുമൊരിക്കല്‍ കഴിച്ചാല്‍ത്തന്നെ കൂടെ ഒരു കപ്പ് സലാഡോ പച്ചക്കറിയോ കഴിക്കുക. കലോറി കുറയ്ക്കാന്‍ മില്‍ക്ക്‌ഐസ്‌ക്രീമിനേക്കാള്‍ നല്ലത്, നാരങ്ങാവെള്ളമോ പ്യുവര്‍ ഫ്രൂട്ട് ജൂസോ ആണ്. ബോട്ടില്‍ഡ് ഡ്രിങ്ക്‌സ് തീര്‍ത്തും ഒഴിവാക്കുക. ഫ്രൈഡ് ചിക്കന് പകരം ഗ്രില്‍ഡ് ചിക്കന്‍ കഴിക്കാം. ചിക്കന്റെ തൊലിയിലാണ് കൂടുതല്‍ കൊഴുപ്പ്. തൊലി നീക്കിയാണ് ഗ്രില്‍ഡ് ചിക്കന്‍ തയ്യാറാക്കുന്നത്. കുട്ടികള്‍ക്കുള്ള ഭക്ഷണം വീട്ടില്‍ത്തന്നെ ഉണ്ടാക്കുക. നല്ല ഉഴുന്ന് വടയോ പരിപ്പുവടയോ എത്രയോ നല്ലത്. മലര്, അവില്‍ കുഴച്ചത്, അവലോസ്, എള്ളുണ്ട, പഴം പുഴുങ്ങിയത്, അട, കൊഴുക്കട്ട, മോദകം, സുഖിയന്‍...

കുട്ടികള്‍ക്ക് ഇഷ്ടമുണ്ടാകുന്ന രൂപത്തിലും നിറത്തിലും രുചിയിലും വേണം വിഭവങ്ങളൊരുക്കാന്‍. ചപ്പാത്തി റോള്‍, ബ്രഡ് സാന്‍വിച്ച്, കട്‌ലെറ്റ്...

പഠനത്തില്‍ 
തെളിഞ്ഞത് 

സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് (സി.എസ്.ഇ) നടത്തിയ പഠനത്തില്‍, ജങ്ക്ഫുഡില്‍ ഉയര്‍ന്ന തോതില്‍ പഞ്ചസാരയും ഉപ്പും ട്രാന്‍സ്ഫാറ്റും അടങ്ങിയിട്ടുണ്ട് എന്ന് തെളിഞ്ഞു. അപകടകാരിയായ ട്രാന്‍സ്ഫാറ്റ് ഏറ്റവും കൂടുതലായി കണ്ടത് ഫ്രഞ്ച് ഫ്രൈസിലാണ്, മൊത്തം കൊഴുപ്പിന്റെ 8.1 % . രണ്ടാമത് ഇന്‍സ്റ്റാന്‍ഡ് നൂഡില്‍സിലും, ഇതിലടങ്ങിയ ട്രാന്‍സ്ഫാറ്റ് മൊത്തം കൊഴുപ്പിന്റെ 4.5 % ആണ്. 

ഏറ്റവുമധികം ഉപ്പ് ഉള്ളതായി കണ്ടത് ഇന്‍സ്റ്റാന്‍ഡ് നൂഡില്‍സിലാണ്. 100 ഗ്രാം നൂഡില്‍സില്‍ 3.7 ഗ്രാം. അതായത്, ഒരാള്‍ക്ക് ഒരു ദിവസം വേണ്ട ഉപ്പിന്റെ പകുതി ഒരു പായ്ക്കറ്റ് നൂഡില്‍സ് കഴിക്കുന്നതിലൂടെ കിട്ടുന്നു എന്ന്. നൂഡില്‍സ് പായ്ക്കറ്റില്‍ അതിലടങ്ങിയ ഉപ്പ് എത്രയാണെന്ന് രേഖപ്പെടുത്തിയിട്ടില്ല. എല്ലാ തരം പായ്ക്കറ്റ് ഫുഡുകളുടേയും ലേബലില്‍ അവയിലടങ്ങിയ ' ന്യുട്രീഷണല്‍ ഇന്‍ഫോമേഷന്‍ ' രേഖപ്പെടുത്തേണ്ടത് സര്‍ക്കാര്‍ നിര്‍ബ്ബന്ധമാക്കണമെന്ന് സി.എസ്.ഇ പഠനം ആവശ്യപ്പെടുന്നു.News Source, credit and thanks : Mathrubhumi Online/Sharmila

About the News

Posted on Tuesday, June 12, 2012. Labelled under , . Feel free to leave a response

1 comments for "എന്തിന് ഇതെല്ലാം വാങ്ങിക്കഴിക്കുന്നു"

  1. വളരെ ഉപകാരപ്രദം ആയിരിക്കുന്നു.

    നന്ദി.

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive