ഇല്ലാതാവും നാട്ടാനകള്‍ : Global Organisation for Pravasis Urakam (GOPUR)

.
Published On: Sunday, June 17, 2012

ഇല്ലാതാവും നാട്ടാനകള്‍


നാട്ടാന പരിപാലനത്തില്‍ തീര്‍ച്ചയായും സമഗ്രമായ ഒരു പൊളിച്ചെഴുത്ത് അത്യാവശ്യമാണ്. അല്ലെങ്കില്‍ മനുഷ്യന്റെ കടുത്ത പീഡനങ്ങള്‍ ഏറ്റുവാങ്ങി ആനകള്‍ ഇല്ലാതാവും
നാട്ടാനകള്‍ ഇടയുകയും തുടര്‍ന്ന് ചിലപ്പോള്‍ ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്യുന്നത് ഇപ്പോള്‍ അത്ര അസാധാരണമല്ലാതായിരിക്കുന്നു. ഗാംഭീര്യവും അഴകും ഒത്തുചേര്‍ന്ന ഈ ജീവികളെ നാട്ടില്‍ പരിപാലിച്ചുപോരുന്നതില്‍ സംഭവിക്കുന്ന പിഴവുകളിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. ആന ഒരു വളര്‍ത്തുമൃഗമല്ല എന്നത് പലപ്പോഴും ആളുകള്‍ മറന്നുപോവുന്നു.
ആദ്യകാലങ്ങളില്‍ യുദ്ധത്തിനാണ് ആനകളെ ഉപയോഗിച്ചിരുന്നതെങ്കിലും അതിനു ശേഷം കാടുകളില്‍ തടിപിടിക്കുന്നതിനും മറ്റു ജോലികള്‍ക്കും ഉപയോഗിച്ചിരുന്നു. എന്നാല്‍, ഇന്ന് പ്രധാനമായും ആനകളെ ഉപയോഗിക്കുന്നത് ഉത്സവ ആവശ്യങ്ങള്‍ക്കായാണ്. ഉത്സവ-പൂരാഘോഷങ്ങളുടെയും ഉദ്ഘാടന ചടങ്ങുകളുടെയും അവിഭാജ്യഘടകമായി ആനകള്‍ മാറിക്കഴിഞ്ഞിരിക്കുന്നു. ഉത്സവങ്ങളില്‍ എഴുന്നെള്ളിപ്പിന്റെ ഭാഗമായാണ് അവ കൂടുതലായി ഇടയുന്നതും
തന്മൂലം മനുഷ്യജീവനും വസ്തുവകകള്‍ക്കും നാശം സംഭവിക്കുന്നതും കൂടുതല്‍ ദുരിതപര്‍വം കയറുകയും ചെയ്യുന്നത്.

കേരളത്തിലെ നാട്ടാനകള്‍


സംസ്ഥാന വനംവകുപ്പിന്റെ കണക്കനുസരിച്ച് കേരളത്തില്‍ 702 നാട്ടാനകള്‍ ഉണ്ട്. 583 ആണാനകളും 119 പിടിയാനകളും. ജില്ലകള്‍ തിരിച്ചുള്ള നാട്ടാനകളുടെ കണക്ക് പട്ടികയില്‍ കൊടുത്തിരിക്കുന്നു. ഏറ്റവും കൂടുതല്‍ നാട്ടാനകളുള്ളത് തൃശ്ശൂര്‍ ജില്ലയിലാണ്, 162 ആനകള്‍. അതേസമയം, കാസര്‍കോട് ജില്ലയില്‍ ഒരാനമാത്രമാണുള്ളത്. കേരളത്തിലെ നാട്ടാനകളുടെ പ്രായം അനുസരിച്ചുള്ള ഒരു കണക്ക് ഗ്രാഫില്‍ കാണിച്ചിരിക്കുന്നു. അതനുസരിച്ച് 38 ശതമാനം ആനകളും മുപ്പത് മുതല്‍ നാല്പത് വര്‍ഷംവരെ പ്രായമുള്ളവരാണെന്ന് കാണാം.
ആദ്യമായി മനസ്സിലാക്കേണ്ട ഒരു കാര്യം ആന ഒരു വളര്‍ത്തുമൃഗമല്ല എന്നതാണ്. വളര്‍ത്തുമൃഗങ്ങളായ പശു, ആട്, കോഴി, പോത്ത്, കുതിര, നായ, പൂച്ച ഇത്യാദി ജീവികളുടെ ഗണത്തില്‍ നമുക്ക് ആനയെ പെടുത്താന്‍ സാധിക്കുകയില്ല. വളര്‍ത്തുമൃഗങ്ങള്‍ (domestic animals) അനേകം വര്‍ഷങ്ങളിലൂടെ തിരഞ്ഞെടുത്ത ബീജസങ്കലന (selective breeding) പ്രക്രിയയുടെ അടിസ്ഥാനത്തില്‍ മനുഷ്യന്റെ വിവിധോന്മുഖമായ ആവശ്യങ്ങള്‍ക്കായി രൂപപ്പെടുത്തിയെടുത്തിട്ടുള്ള ജീവിവിഭാഗങ്ങളാണ്. നാട്ടാനകള്‍ അത്തരത്തിലുള്ള ഒരു തിരഞ്ഞെടുത്ത ബീജസങ്കലന പ്രക്രിയയുടെ അടിസ്ഥാനത്തില്‍ ഉരുത്തിരിഞ്ഞവയല്ല, മറിച്ച് വന്യമായ ആവാസവ്യവസ്ഥയില്‍ നിന്ന് അവയെ ചതിക്കുഴിവെട്ടി പിടിക്കുകയും അതിക്രൂരമായ പീഡനമുറകളിലൂടെ ചട്ടം പഠിപ്പിക്കുകയും വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്തുവരുന്നു.

ബഹുഭൂരിപക്ഷ ആനയുടമസ്ഥരും ആനപ്പാപ്പാന്‍മാരും ആനയെ വളര്‍ത്തുന്നതും ആനകളോടൊത്തു ജീവിക്കുന്നതും അവര്‍ ആനയെ വളരെയേറെ, ഒരു പക്ഷേ, സ്വന്തം മക്കളെപ്പോലെ സ്‌നേഹിക്കുന്നതുകൊണ്ടും കൂടിയാണ്. പക്ഷേ, ആനയുടെ ശാസ്ത്രീയ പരിചരണത്തിന്റെ അടിസ്ഥാനം മനസ്സിലാക്കാതെയുള്ള പരിപാലനമാണ് പലരും നടത്തിവരുന്നത്. ആനയുടെ ജീവശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള ഒരു പരിചരണരീതി സ്വീകരിച്ചാല്‍ മാത്രമേ നമുക്ക് ആനകളെയും മനുഷ്യനെയും രക്ഷിക്കാന്‍ സാധിക്കുകയുള്ളൂ.
ആദ്യമായി ശ്രദ്ധിക്കേണ്ടത് അവയുടെ ഭക്ഷണക്രമമാണ്. നാട്ടാനകള്‍ക്ക് മുഖ്യമായും പട്ടയാണ് (പനമ്പട്ട അല്ലെങ്കില്‍ തെങ്ങിന്‍പട്ട) ഭക്ഷണമായി കൊടുത്തുവരുന്നത്. ഏതൊരു ജീവിയുടെയും ആരോഗ്യകരമായ നിലനില്‍പ്പിന് ശരിയായ ഭക്ഷണക്രമം പരമപ്രധാനമായ പങ്ക് വഹിക്കുന്നു. സമീകൃത ആഹാരത്തില്‍ അന്നജം (carbo hydrate), മാംസ്യങ്ങള്‍ (proteins), കൊഴുപ്പ് (fat), ധാതുക്കള്‍ (minerals), ജീവകങ്ങള്‍ (vitamins) എന്നിവ തീര്‍ച്ചയായും ഉള്‍പ്പെട്ടിരിക്കണം. ഇത് ലഭിക്കണമെങ്കില്‍ കഴിക്കുന്നത് വ്യത്യസ്തമായ ഭക്ഷണമായിരിക്കണം. എന്നാല്‍ , ജീവിതകാലം മുഴുവനും ഒരേ ഭക്ഷണം (പട്ട) മാത്രം ഭക്ഷിക്കുന്ന ആനകള്‍ക്ക് സമീകൃത ആഹാരമല്ല ലഭിക്കുന്നത് എന്നു മനസ്സിലാക്കാന്‍ സാമാന്യ ബുദ്ധിമാത്രം മതി. കാട്ടില്‍ ആനകള്‍ നൂറോളം വ്യത്യസ്തങ്ങളായ സസ്യങ്ങളുടെ ഇലകളും തോലും കായ്കളും ഫലങ്ങളും പൂക്കളും ഭക്ഷിക്കുന്നു. കാട്ടില്‍ ആന പ്രധാനമായും ഭക്ഷിക്കുന്നത് പുല്ലാണ്. കാട്ടാന ഒരിക്കലും ദഹനശേഷി നന്നായി വേണ്ടിവരുന്ന പട്ട പോലെയുള്ള ദൃഢമായ ഭക്ഷണം കഴിക്കുന്നില്ല. മുളയാണെങ്കില്‍പ്പോലും ആന ഭക്ഷിക്കുന്നത് ഇലയും ഇളംതണ്ടുകളുമാണ്. മറ്റ് സസ്യങ്ങളുടെയും തളിരിലകളാണ് ആന ഭക്ഷിക്കുന്നത്.

കേരളത്തിലൊഴികെ, നാട്ടാന പരിപാലനം നടത്തുന്ന അയല്‍സംസ്ഥാനങ്ങളിലും വടക്കന്‍ സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും നാട്ടാനകള്‍ക്ക് ഒരു കൃത്യമായ ഭക്ഷണക്രമം ഉണ്ട്. അത് പുല്ല് മുഖ്യഭക്ഷണമായിട്ടുള്ള ഭക്ഷണക്രമമാണ്. പുല്ല് കൂടാതെ മറ്റ് ചെടികളുടെയും മരങ്ങളുടെയും ഇലകളും പൂക്കളും കായ്കളും ഫലങ്ങളും മറ്റും ആനകള്‍ക്ക് നല്‍കി വരുന്നു. ഇത് കേരളത്തിലെ നാട്ടാനകള്‍ക്കും പ്രാവര്‍ത്തികമാക്കണം. നാട്ടാനകള്‍ക്ക് പട്ടയ്ക്ക് പകരമായി എളുപ്പം ദഹിക്കുന്നതും ആന കാട്ടില്‍ പ്രധാനമായും കഴിക്കുന്നതുമായ പുല്ല് കൊടുക്കണം. ഇതോടൊപ്പം പ്ലാവ്, മാവ്, ആല്‍, ഞാവല്‍ തുടങ്ങി ഓരോ സ്ഥലത്തും ലഭ്യമായ മരങ്ങളുടെ ഇലയും തണ്ടും കൊടുക്കേണ്ടതാണ്. വാഴപ്പഴം, ചക്ക, മാമ്പഴം, തണ്ണിമത്തന്‍, കരിമ്പ്, കരിക്ക്, വാഴപ്പിണ്ടി, വിവിധയിനം പച്ചക്കറികള്‍ തുടങ്ങിയവയും കൊടുക്കാം.
പുല്ല് എവിടെനിന്ന് ലഭിക്കും എന്നത് ഒരു ചോദ്യമാണ്. പുല്ലിന് ആവശ്യക്കാര്‍ ഉണ്ടെങ്കില്‍ പുല്ല് ലഭ്യമാക്കാനുള്ള സംവിധാനം ഒരുക്കാന്‍ കാര്‍ഷിക സര്‍വകലാശാല തയ്യാര്‍. തീറ്റപ്പുല്‍ ഉത്പാദിപ്പിക്കാനുള്ള സാങ്കേതികവിദ്യയും നടീല്‍ വസ്തുവും പരിശീലനവും കാര്‍ഷികസര്‍വകലാശാലയില്‍ നിന്നും ലഭ്യമാണ്. ദേവസ്വത്തിന്റെയോ ആന ഉടസ്ഥരുടെയോ കൈവശമുള്ള ഭൂമിയില്‍ അവര്‍ക്ക് തന്നെ പുല്ല് ഉത്പാദിപ്പിച്ചെടുക്കാവുന്നതാണ്. തെങ്ങിന്‍തോപ്പുകളില്‍ ഇടവിളയായും പുല്ല് വളര്‍ത്താവുന്നതാണ്. ഒരാനയ്ക്ക് ഒരു വര്‍ഷം അവശ്യം വേണ്ട പുല്ല് കിട്ടാനായി രണ്ടേക്കര്‍ തെങ്ങിന്‍തോപ്പില്‍ പുല്ല് ഇടവിളയായി കൃഷി ചെയ്താല്‍ മതിയാകും.
ആന ഉടമസ്ഥര്‍ക്ക് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ സ്വയംസഹായ സംഘങ്ങള്‍ രൂപവത്കരിച്ച് അവരവര്‍ക്ക് ആവശ്യമുള്ള പുല്ല് ഉത്പാദിപ്പിക്കാവുന്നതാണ്. അതിനാവശ്യമായ സാങ്കേതികവിദ്യയും പരിശീലനവും നല്‍കാന്‍ കാര്‍ഷിക സര്‍വകലാശാല തയ്യാറാണ്.
നാട്ടാനകള്‍ക്ക് നേരിടുന്ന പ്രധാനമായ ആരോഗ്യപ്രശ്‌നമാണ് എരണ്ടകെട്ട്. ഇത് ദഹനപ്രക്രിയ ശരിയായി നടക്കാത്തതുകൊണ്ടുണ്ടാകുന്ന ദഹനക്കേടാണ്. എരണ്ടകെട്ട് വരാനുള്ള പ്രധാന കാരണം ആന പട്ട മാത്രം ഭക്ഷിക്കുന്നു എന്നുള്ളതാണ്. ശരിയായ രീതിയിലുള്ള വ്യായാമം ഇല്ലാത്തതും എരണ്ടകെട്ടിന് ഇടയാക്കുന്നു. കാട്ടില്‍ ആന ഭക്ഷണാവശ്യങ്ങള്‍ക്കായി ദിവസവും ഏഴ് മുതല്‍ പതിനഞ്ചു കിലോമീറ്ററും ചിലപ്പോള്‍ അതില്‍ കൂടുതലും ദൂരം സഞ്ചരിക്കുമ്പോള്‍ നാട്ടാനകള്‍ക്ക് നാം വ്യായാമം ഉള്‍പ്പെടുത്തിയുള്ള ഒരു പരിചരണത്തെ കുറിച്ച് ചിന്തിക്കാറുപോലുമില്ല. ഉത്സവകാലങ്ങളില്‍ മാത്രമുള്ള റോഡിലൂടെയുള്ള നടത്തമല്ല, മറിച്ച് ദിവസവും നാട്ടാനകളെ ഒരു നിശ്ചിത ദൂരമെങ്കിലും നടത്തുവാനുള്ള ഒരു സംവിധാനം എല്ലാ ആന ഉടമസ്ഥരും ഉറപ്പാക്കേണ്ടതാണ്. ആനകളെ നടത്തുമ്പോള്‍ വെയിലിന് കാഠിന്യമില്ലാത്ത അതിരാവിലെയോ വൈകുന്നേരങ്ങളിലോ ആയിരിക്കണമെന്നുമാത്രം.
ആന കൂട്ടമായി ജീവിക്കുന്ന ഒരു വന്യമൃഗമാണ്. ആണും പെണ്ണും കുട്ടികളും അടങ്ങിയ അത്തരം ആനകുടുംബത്തിന്റെ നേതൃത്വം ഒരു പിടിയാനയ്ക്കായിരിക്കും. ഒരു ആനകുടുംബത്തിലെ ആണാന, പ്രായപൂര്‍ത്തിയാകുമ്പോള്‍ (10-15 വര്‍ഷം) കൂട്ടത്തില്‍ നിന്നും പുറത്താക്കപ്പെടുന്നു. അവനാണ് ഒറ്റയാനായി കാട്ടില്‍ വിഹരിക്കുന്നത്. പ്രായപൂര്‍ത്തിയായ ആണാനയെ ആനകുടുംബത്തില്‍ നിന്നും പുറത്താക്കുന്നതിന് ഒരു കാരണമുണ്ട്. അത്തരം ആണാനകള്‍ സ്വകുടുംബത്തിലെ മറ്റൊരു പിടിയാനയുമായി ഇണ ചേരാതിരിക്കാനായി പ്രകൃതി തന്നെ കണ്ടെത്തിയ ഒരു വഴിയാണിത്. മറിച്ച് അടുത്ത ബന്ധുക്കളുമായി പ്രത്യുത്പാദനം നടന്നാല്‍ അത് ആനകളുടെ ജനിതക വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും ആനകുലത്തിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കുകയും ചെയ്യും. ആനകളുടെ പ്രത്യുത്പാദന കാലത്താണ് ആണാനകളുടെ മദഗ്രന്ഥിയിലുള്ള മദജലം ഒലിക്കുന്നത്. മദപ്പാടിലുള്ള രണ്ട് ആണാനകള്‍ കാട്ടില്‍ ആരോഗ്യപരമായ അകലം പാലിക്കുന്നു.

ആന ഇങ്ങനെ ഒരു സാമൂഹികജീവിയാണെന്ന കാര്യം മറന്നുകൊണ്ട് നാം അവയെ മിക്കവാറും ഒറ്റയ്ക്കാണ് വളര്‍ത്തുന്നത്. പ്രായപൂര്‍ത്തിയായ ആണാനകള്‍ മദപ്പാടിലുള്ളപ്പോള്‍ അടുത്തടുത്ത് വരാറില്ല. അവ അടുത്ത് ചെന്നുപെട്ടാല്‍ അവ തമ്മില്‍ ശണ്ഠയുണ്ടാവും. ഈ സാഹചര്യത്തിലാണ് സംഘര്‍ഷാവസ്ഥയില്‍ ഏര്‍പ്പെടുന്നത്. അത്തരുണത്തിലാണ് ഒന്നിലധികം ചില സ്ഥലങ്ങളില്‍ അമ്പതോളവും പ്രായപൂര്‍ത്തിയായ കൊമ്പന്‍മാര്‍ അടുത്തടുത്തായി നിലകൊള്ളുന്ന ഒരു സ്ഥിതി വിശേഷത്തെ കുറിച്ച് ചിന്തിക്കേണ്ടത്. അത്തരം ഒരു സാഹചര്യത്തില്‍ അവയോരോന്നും അനുഭവിക്കുന്ന മാനസിക സംഘര്‍ഷം നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. അങ്ങനെ എല്ലാ വര്‍ഷവും നമ്മുടെ നാട്ടാനകള്‍ മാനസിക സംഘര്‍ഷത്തില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നു.
നാട്ടാനകള്‍ റോഡിലൂടെ നടന്നു നീങ്ങുമ്പോള്‍ സ്ഥിരമായി കാണുന്ന ഒരു കാഴ്ചയാണ് അവയുടെ കൊമ്പിന്റെയും തുമ്പിക്കൈയുടെയും ഇടയില്‍ ചേര്‍ത്ത് പിടിച്ചിരിക്കുന്ന പനയോലകള്‍. ഒരു പട്ടയ്ക്ക് ഇരുപത് കിലോയോളം തൂക്കം വരും. ഒരു ആനയെക്കൊണ്ട് പത്തും ഇരുപതും പട്ടകള്‍വരെ തുടര്‍ച്ചയായി എടുപ്പിക്കും. അതായത് ആന ഏകദേശം നാനൂറ് കിലോയോളം തൂക്കം അതിന്റെ കൊമ്പില്‍ എടുത്ത് നടക്കേണ്ടിവരുന്നു. ആനയുടെ ശരീരഭാരത്തിന്റെ പത്തുശതമാനത്തോളം ഭാരം കയറ്റിയാണ് പൊള്ളുന്ന വെയിലത്ത് ടാറിട്ട റോഡിലൂടെ അത് നടന്ന് നീങ്ങുന്നത്. ആനയ്ക്ക് അത്രയും ഭാരം പേറി നടക്കാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല എന്ന് നമ്മള്‍ കരുതുന്നു. ആനയെ വണ്ടിക്കാളകളോട് താരതമ്യപ്പെടുത്തുക വയ്യ.
വണ്ടിക്കാളകളും പോത്തുകളും അനേക വര്‍ഷങ്ങളായുള്ള തിരഞ്ഞെടുത്ത ബീജസങ്കലനത്തിലൂടെ, അവയ്ക്ക് ഭാരം വലിക്കാനുള്ള ശേഷി കിട്ടത്തക്കവിധത്തില്‍ ഉരുത്തിരിഞ്ഞവയാണ്. അവയുടെ ഭാരത്തിനുതകുന്നതോ, അതില്‍ കൂടുതലോ ഭാരം വലിക്കുന്നതുകൊണ്ട് അവയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടാവുന്നില്ല. എന്നാല്‍, ആനയുടെ സ്ഥിതി അതല്ല. കാട്ടില്‍ ആനകള്‍ ഒരവസരത്തിലും അവയുടെ കൊമ്പില്‍ ഭാരം പേറി നടക്കാറില്ല. നാട്ടാനകള്‍ അങ്ങനെ ചെയ്യുന്നതു മൂലം അവയുടെ നാഡീവ്യവസ്ഥയ്ക്കും തലച്ചോറിനുമുണ്ടാകുന്ന ദോഷകരമായ അവസ്ഥയെക്കുറിച്ച് നാം ചിന്തിച്ചിട്ടില്ല. ആനയ്ക്ക് എത്ര ഭാരവും ചുമക്കാമെന്ന് നാം അനുമാനിക്കുന്നു. അത് വെറുമൊരു അനുമാനം മാത്രമാണ്.
തമിഴ്‌നാട്ടിലെ നാട്ടാനപരിപാലനരീതിയില്‍ സ്വീകരിക്കുന്ന പല കാര്യങ്ങളും കേരളീയര്‍ കണ്ടുപഠിക്കേണ്ടതാണ്. വിശേഷിച്ച് തമിഴ്‌നാട് വനം വകുപ്പിലെ ക്യാമ്പുകളില്‍ നാട്ടാനകളെ അവര്‍ വൈകുന്നേരങ്ങളില്‍ കാട്ടിലേക്ക് ചങ്ങലക്കെട്ടില്ലാതെസ്വതന്ത്രമായി വിടുന്നു. അവ രാത്രി മുഴുവന്‍ കാട്ടില്‍ നടന്ന് ഭക്ഷണം തേടുന്നു. അതോടൊപ്പം അവയ്ക്ക് വ്യായാമവും ഇഷ്ടാനുസരണം കാട്ടാനകളോട് ഇണചേരാനുള്ള അവസരവും ലഭിക്കുന്നു.
നാട്ടാനപരിപാലനത്തില്‍ തീര്‍ച്ചയായും സമഗ്രമായ ഒരു പൊളിച്ചെഴുത്ത് അത്യാവശ്യമാണ്. അല്ലെങ്കില്‍ മനുഷ്യന്റെ കടുത്ത പീഡനങ്ങള്‍ ഏറ്റുവാങ്ങി ആനകള്‍ ഇല്ലാതാവും. ഭാവിതലമുറയ്ക്ക് കഥകളിലൂടെ മാത്രം പരിചയപ്പെടാന്‍ സാധിക്കുന്ന ഒന്നായി നാട്ടാനകള്‍ മാറും. ഇന്നത്തെ സ്ഥിതി തുടര്‍ന്നാല്‍ അടുത്ത 10-15 വര്‍ഷത്തിനുള്ളില്‍ നമ്മുടെ നാട്ടാനകുലം അവസാനിക്കുമെന്ന് നിസ്സംശയം പറയാം.

(കേരള കാര്‍ഷിക സര്‍വകലാശാലയില്‍ വന്യജീവി പഠനകേന്ദ്രം മേധാവിയാണ് ലേഖകന്‍)

News Source, credit and thanks : Mathrubhumi Online/പി.ഒ. നമീര്‍

About the News

Posted on Sunday, June 17, 2012. Labelled under , . Feel free to leave a response

0 comments for "ഇല്ലാതാവും നാട്ടാനകള്‍"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive