ഹരിതകേരളം പദ്ധതി: വൃക്ഷത്തൈകള്‍ തയ്യാറായി : Global Organisation for Pravasis Urakam (GOPUR)

.
Published On: Sunday, June 03, 2012

ഹരിതകേരളം പദ്ധതി: വൃക്ഷത്തൈകള്‍ തയ്യാറായി


തൃശ്ശൂര്‍: കേരള വനംവകുപ്പ് സാമൂഹിക വനവത്കരണ വിഭാഗത്തിന്റെ ഹരിതകേരളം പദ്ധതിക്കായി തൃശ്ശൂര്‍, എറണാകുളം, പാലക്കാട്, ഇടുക്കി എന്നീ ജില്ലകളില്‍ 17,28,850 വൃക്ഷത്തൈകള്‍ വിതരണത്തിന് തയ്യാറായെന്ന് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ. എച്ച്. നാഗേഷ്പ്രഭു പത്രസമ്മേളനത്തില്‍ അറിയിച്ചു. തൃശ്ശൂരില്‍ 4,55,000 തൈകളും എറണാകുളം ജില്ലയില്‍ 4,00,000 വും പാലക്കാട് 4,13,750 ഉം ഇടുക്കിയില്‍ 4,00,000 തൈകളും വിതരണം ചെയ്യും. തൃശ്ശൂര്‍ ജില്ലയിലെ അമ്പലനട, കിഴുത്താണി, വെസ്റ്റ് ചാലക്കുടി, റെയില്‍വ്വേ സ്റ്റേഷന്‍, റേഞ്ച് ഓഫീസ് കോമ്പൗണ്ട്, ആറ്റൂര്‍, വാടാനപ്പള്ളി, മനക്കൊടി, കാര്യാട്ടുകര, കാളത്തോട് എന്നിവിടങ്ങളിലെ നഴ്‌സറികളില്‍ നിന്ന് പത്ത് തൈകള്‍ക്ക് രണ്ട് രൂപ വീതവും കൂടുതല്‍ തൈകള്‍ക്ക് ആറു രൂപ വീതവുമാണ് വില. മഹാഗണി, മന്ദാരം, മണിമരുത്, കണിക്കൊന്ന, കൂവളം, ചന്ദനം, നെല്ലി, പേര, നീര്‍മരുത്, ദന്തപ്പാല, ഇലഞ്ഞി, ചമത, പുളി, സീതപ്പഴം, കാറ്റാടി എന്നീ തൈകളാണ് ലഭിക്കുക. വിദ്യാഭ്യാസവകുപ്പുമായി സഹകരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് മൂന്ന് ലക്ഷം തൈകള്‍ സൗജന്യമായി വിതരണം ചെയ്യും. ഒന്നു മുതല്‍ നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് 134 സ്‌കൂളുകളിലും അഞ്ച് മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 148 സ്‌കൂളുകളിലുമായി ഒരു ലക്ഷം തൈകള്‍ വിതരണം ചെയ്തു. ചാവക്കാട്, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലെ രണ്ടേക്കറോളം കടല്‍ത്തീരത്ത് ജൈവകവചമെന്ന നിലയ്ക്ക് തീരദേശസംരക്ഷണസമിതിയുമായി സഹകരിച്ച് കാറ്റാടിത്തൈകള്‍ വെച്ചുപിടിപ്പിക്കാന്‍ തുടങ്ങിയതായും അറിയിച്ചു. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുമായി സഹകരിച്ച് തൊഴിലുറപ്പ് പദ്ധതിക്ക് തൈ ഒന്നിന് അമ്പത് പൈസ നിരക്കില്‍ കൊടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9447979144 (തൃശൂര്‍ അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ജോസഫ് തോമസ്). ഹരിതകേരളം മധ്യമേഖലാതല ഉദ്ഘാടനം ചൊവ്വാഴ്ച വിവേകോദയം ബോയ്‌സ് സ്‌കൂളില്‍ സംഘടിപ്പിക്കും. 11 ന് പി.സി. ചാക്കോ എംപി ഉദ്ഘാടനം ചെയ്യും. മേയര്‍ ഐ.പി. പോള്‍ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ പി.എം. ഫ്രാന്‍സിസ് മുഖ്യാതിഥിയാവും. അഡ്വ. തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തും. തേക്കിന്‍കാട് ഹരിതവത്കരണത്തിന്റെ ഭാഗമായി എം.സി.എസ്. മേനോന്‍ തൈ വിതരണം നടത്തും. പത്രസമ്മേളനത്തില്‍ അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ജോസഫ് തോമസ്, സോഷ്യല്‍ ഫോറസ്ട്രി റേഞ്ച് ഓഫീസര്‍ ടി.പി. ശ്രീകുമാര്‍ എന്നിവരും പങ്കെടുത്തു.

News Source, credit and thanks : Mathrubhumi Online

About the News

Posted on Sunday, June 03, 2012. Labelled under , . Feel free to leave a response

0 comments for "ഹരിതകേരളം പദ്ധതി: വൃക്ഷത്തൈകള്‍ തയ്യാറായി"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive