പകര്‍ച്ചവ്യാധികള്‍ക്കെതിരെ കരുതിയിരിക്കുക : Global Organisation for Pravasis Urakam (GOPUR)

.
Published On: Monday, June 25, 2012

പകര്‍ച്ചവ്യാധികള്‍ക്കെതിരെ കരുതിയിരിക്കുക



കേരളത്തിൽ മഴക്കാലം വന്നതോടെ പല പകര്‍ച്ചവ്യാധികളും രംഗത്തുവന്നിട്ടുണ്ട്. ആളുകള്‍ പകര്‍ച്ചവ്യാധി പിടിക്കാതിരിക്കാന്‍ ഏറെ ശ്രദ്ധിക്കേണ്ട സമയമാണിത്. കൃത്യമായി ശ്രദ്ധിക്കുകയും ശുചിത്വം പാലിക്കുകയും ചെയ്താല്‍ പകര്‍ച്ചവ്യാധിയില്‍ നിന്ന് രക്ഷപ്പെടാമെന്ന് അലോപ്പതി വിദഗ്ധര്‍ പറയുന്നു. വിദഗ്ധരുമായി ചര്‍ച്ച നടത്തി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ.) തയ്യാറാക്കിയ ജാഗ്രതാ നിര്‍ദേശങ്ങള്‍.

പനിവന്നാല്‍ ശ്രദ്ധിക്കണം
100 ഡിഗ്രി പനിയുണ്ടെങ്കില്‍ ഹൃദയമിടിപ്പ് / നാഡിമിടിപ്പ് മിനിറ്റില്‍ 100 ആയിരിക്കും. പിന്നെയുള്ള ഓരോ ഡിഗ്രി പനികൂടുന്നതിനനുസരിച്ച് 10 മിടിപ്പുകള്‍ വീതം കൂടിക്കൊണ്ടിരിക്കും. ഹൃദയമിടിപ്പുകള്‍ ഈ അനുപാതത്തിനെക്കാള്‍ കൂടിയാല്‍ പനി പ്രശ്‌നകാരിയാണ്. പനി വരികയും ഹൃദയമിടിപ്പ് കുറയുകയും ചെയ്താലും പ്രശ്‌നമാണ്. ഒരു മിനിറ്റില്‍ 30 ല്‍ കൂടുതല്‍ ശ്വാസോച്ഛ്വാസം ചെയ്യുന്നുണ്ടെങ്കില്‍ പനി സാധാരണമല്ല. പനിബാധിച്ച വ്യക്തിക്ക് മയക്കം, സ്വഭാവവ്യതിയാനങ്ങള്‍ എന്നിവ കണ്ടാലും കൂടുതല്‍ ശ്രദ്ധിക്കണം.

വൈറല്‍ പനി
കടുത്ത ശരീര വേദന, തലവേദന, പനി, ജലദോഷം എന്നിവയാണ് ലക്ഷണങ്ങള്‍. വായുവില്‍കൂടി രോഗം പടരും. ഒരാള്‍ക്കുവന്നാല്‍ മറ്റുള്ളവര്‍ക്ക് എളുപ്പം പടരും. രോഗ ബാധിതര്‍ മറ്റുള്ളളവരുമായി ഇടപഴകാതിരിക്കുക.

എലിപ്പനി
എലികളുടെ വിസര്‍ജ്യം വെള്ളത്തിലെത്തി അതുവഴി രോഗം പടരുന്നത്. വെള്ളത്തിലൂടെയും ശരീരത്തിലെ മുറിവുകളിലൂടെ രോഗാണുക്കള്‍ ഉള്ളിലെത്തും. കടുത്ത പനി, വിറയല്‍, കഠിനമായ തലവേദന,മഞ്ഞപ്പിത്തം എലിപ്പനിയുടെ ലക്ഷണമാണ്. ഹെപ്പറ്റൈറ്റിസ് എ എന്ന ജലജന്യരോഗത്തിന്റെയും ലക്ഷണം കാണിക്കും. എലിപ്പനിയോടനുബന്ധിച്ച് മഞ്ഞപ്പിത്തം ഗുരുതരമാണ്. ഇതോടൊപ്പം മൂത്രത്തിന്റെ അളവുകുറയുകയും ചെയ്യുന്നുണ്ടെങ്കില്‍ രോഗം അതീവ ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ്. ഡയാലിസിസ് വേണ്ടിവന്നേക്കാം. കഠിനമായ തലവേദന, പേശീവേദന, കഫം ഇല്ലാതെയുള്ള ചുമ, ഛര്‍ദി ഇവയും എലിപ്പനിയുടെ തുടക്കത്തില്‍ കണ്ടുവരുന്നു. ലക്ഷണങ്ങളൊന്നും ഇല്ലാതെയും എലിപ്പനി വരാം എന്ന് ഓര്‍മ വെക്കണം.

ഡെങ്കിപ്പനി
ശക്തമായ പനി, തലവേദന. പ്രത്യേകിച്ച് തലയുടെ മുന്‍വശത്ത് /കണ്ണിന്റെ പിറകില്‍ അതികഠിനമായ വേദനയുണ്ടാകും.. ശരീരവേദന. രണ്ടാം ഘട്ടത്തില്‍ രക്തത്തില്‍ പേറ്റ്‌ലെറ്റുകളുടെ കൗണ്ട് ക്രമാതീതമായി കുറയും. തുടര്‍ന്ന് രോഗം അപകടകരമായ അവസ്ഥയിലെത്തും. ശരീരത്തില്‍ ചെറിയ ചുവന്ന കുരുക്കളും പ്രത്യക്ഷപ്പെടും.ഡെങ്കിപ്പനിക്ക് ജലദോഷം ഇല്ല എന്നതാണ് പ്രത്യേകത. ഡെങ്കി ഹെമറേജിക്ക് പനിയാണെങ്കില്‍ കണ്ണില്‍ രക്തം കല്ലിച്ചു കിടക്കുക, ദേഹത്ത് ചുവന്ന പാടുകള്‍, മറ്റു രക്തസ്രാവത്തിന്റെ ലക്ഷണങ്ങള്‍ എന്നിവ കാണിക്കും. ഡെങ്കി പരത്തുന്ന ഈഡിസ് കൊതുകുകള്‍ മൂളാറില്ല.

എച്ച് 1 എന്‍ 1
ഈ പനിക്ക് ജലദോഷവും ശ്വാസം മുട്ടലും ഉണ്ടാവും. ഈ രോഗത്തിന്റെ ടെസ്റ്റുകള്‍ എല്ലാവര്‍ക്കും ചെയ്യാന്‍ സാധ്യമല്ലാത്തതിനാല്‍ പനി, ശ്വാസംമുട്ടല്‍ എന്നിവ വന്നാല്‍ ഒസല്‍ട്ടാവിമിര്‍ കഴിച്ചാല്‍ രോഗത്തെ ഒരു പരിധിവരെ തടയാം.

പ്ലേറ്റ്‌ലെറ്റുകളുടെ കുറവ്
രക്തത്തില്‍ പ്ലേറ്റ്‌ലെറ്റുകള്‍ 20,000-ത്തില്‍ കുറയുകയോ രക്തസ്രാവത്തിന്റെ ലക്ഷണങ്ങള്‍ കാണുകയോ ചെയ്താല്‍ ശ്രദ്ധിക്കണം. പ്ലേറ്റ്‌ലെറ്റുകള്‍ കുറയുന്നതായി സംശയം തോന്നിയാല്‍ വിദഗ്ധ ചികിത്സ തേടണം.

സ്രക്ബ് ടൈഫസ്
മലബാറില്‍ പുതുതായി കണ്ടെത്തിയ രോഗമാണിത്. എലികളിലൂടെയാണ് ഇത് പ്രധാനമായും പകരുന്നത്. പൊള്ളിയതുപോലെയുള്ള വ്രണം, പനി എന്നിവയാണ് ലക്ഷണങ്ങള്‍. വസ്ത്രങ്ങള്‍ നിലത്തിട്ട് ഉണക്കാതിരിക്കുക പാര്‍ക്കിലും മറ്റും ഇരിക്കുമ്പോള്‍ ടവ്വല്‍ വിരിച്ച് അതിനുപുറത്ത് ഇരിക്കുക, പുല്ലിന്റെ പുറത്ത് ഇരിക്കാതിരിക്കുക, എലി നശീകരണം എന്നിവയാണ് പ്രതിരോധ മാര്‍ഗങ്ങള്‍. ചികിത്സ ഡോക്‌സിസൈക്ലിന്‍ ആണ്.

ടൈഫോയ്ഡ്
രോഗിയുടെയും രോഗാണുവാഹകരുടെയും വിസര്‍ജ്യങ്ങള്‍ കലര്‍ന്ന വെള്ളത്തിലൂടെയും ഭക്ഷണസാധനങ്ങളിലൂടെയും രോഗം പടരും. ഈച്ചകളാണ് പ്രധാന രോഗവാഹകര്‍. ഇടവിട്ട പനി, വിശപ്പില്ലായ്മ എന്നിവയാണു ലക്ഷണങ്ങള്‍. രക്തപരിശോധന നടത്തി രോഗം നിര്‍ണയിക്കാം.

ഹെപ്പറ്റൈറ്റിസ്-ബി പകരുന്നത്
ഹെപ്പറ്റൈറ്റിസ്-ബി സാധാരണയായി പകരുന്നത് കുത്തിവെപ്പിനുപയോഗിക്കുന്ന സൂചിയിലൂടെ, ലൈംഗിക ബന്ധത്തിലൂടെ, അമ്മയില്‍ നിന്ന് കുട്ടിയിലേക്ക്, സ്വവര്‍ഗ രതിക്കാര്‍, ലബോറട്ടറി ജീവനക്കാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരിലൊക്കെയാണ്.മറ്റു സ്രവങ്ങളിലൂടെയുള്ള രോഗപ്പകര്‍ച്ച ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. രോഗം പകരുന്നുവെന്ന് കണ്ടാല്‍ ആ പ്രദേശത്തെ ആസ്പത്രികളും ലബോറട്ടറികളും നിരീക്ഷണവിധേയമാക്കേണ്ടതാണ്. ഹെപ്പറ്റൈറ്റിസ് ബി പേടിക്കേണ്ട രോഗമാണെങ്കിലും അത് മഴക്കാല രോഗങ്ങളില്‍പ്പെടുന്നവയല്ല. മറിച്ച് ഹെപ്പറ്റൈറ്റിസ് എ എന്ന മഞ്ഞപ്പിത്തമാണ് മഴക്കാലത്തെ വില്ലന്‍.

മഞ്ഞപ്പിത്തം
സൂക്ഷിച്ചില്ലെങ്കില്‍ മഞ്ഞപ്പിത്തം ഗുരുതരമായി ബാധിക്കും. മൂത്രത്തിനും കണ്ണിനും ഉണ്ടാകുന്ന മഞ്ഞനിറമാണ് പ്രധാന ലക്ഷണം. വിശപ്പില്ലായ്മ, വയറുവേദന, പനി, ഛര്‍ദി എന്നിവയുമുണ്ടാകും. രക്തപരിശോധനയിലൂടെ രോഗം സ്ഥിരീകരിക്കാം. കണ്ടുപിടിക്കാന്‍ വൈകിയാല്‍ ജീവന്‍തന്നെ അപകടത്തിലാകും. നന്നായി തിളപ്പിച്ച വെള്ളം ഉപയോഗിക്കുക. തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം ഒഴിവാക്കുക.

കോളറ
ആഹാരത്തില്‍ക്കൂടിയും വെള്ളത്തില്‍ക്കൂടിയും രോഗം പടരും. പനി, ഛര്‍ദി, വയറിളക്കം എന്നിവയാണ് രോഗലക്ഷണം. രോഗിക്ക് പരമാവധി വേഗത്തില്‍ ചികിത്സ ലഭ്യമാക്കണം.

ശ്രദ്ധിക്കേണ്ടവ
പനി വന്നാല്‍ രോഗി ഒരു മുറിയില്‍ തന്നെ കഴിയാന്‍ ശ്രദ്ധിക്കണം. സന്ദര്‍ശകരെ അനുവദിക്കരുത്. ധാരാളം വെള്ളം കുടിക്കണം. വെള്ളത്തില്‍ പ്രവൃത്തി എടുക്കുന്നവര്‍ക്ക് നിര്‍ബന്ധമായും പ്രതിരോധത്തിനായി സര്‍ക്കാര്‍ ഡോക്‌സിസൈക്ലിന്‍ ഗുളികകള്‍ നല്‍കണം. പനി ബാധിക്കുന്ന മറ്റ് ഓഫീസ് ജീവനക്കാര്‍ നിര്‍ബന്ധമായും അവധിയെടുക്കണം. അല്ലെങ്കില്‍ മറ്റുള്ളവരിലേക്കും ഇത് ബാധിക്കും. ബി.പി. ഇടയ്ക്കിടക്ക് നോക്കുന്നത് നല്ലതാണ്. ബി.പി. കുറയുന്നത് പ്രശ്‌നമുള്ള പനികളിലാണ്. കുട്ടികള്‍, വയോജനങ്ങള്‍, രോഗപ്രതിരോധശക്തി കുറഞ്ഞവര്‍ എന്നിവര്‍ക്ക് പ്രത്യേക പരിചരണം നല്‍കണം.

നമുക്കും ചിലതു ചെയ്യാനുണ്ട്
എല്ലാം ആരോഗ്യവകുപ്പിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും തലയില്‍ കെട്ടിവയ്ക്കാതെ നമുക്കും രോഗം പടരുന്നത് തടയാന്‍ ചിലതു ചെയ്യാനുണ്ട്.

  • കോളറ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ തടയാന്‍ ആരോഗ്യവകുപ്പ് വീടുകള്‍ തോറും കിണര്‍ ശുദ്ധീകരിക്കാന്‍ ബ്ലീച്ചിങ് പൗഡര്‍ ലഭ്യമാക്കുന്നുണ്ട്.
  • പരിസരശുചിത്വം നമുക്കു തന്നെ ഉറപ്പുവരുത്താം.
  • കൊതുകുവല ഉപയോഗിച്ചാല്‍ കൊതുകുജന്യ രോഗങ്ങളെ ഒരു പരിധിവരെ അകറ്റാം.
  • കൊതുകിന്റെ ഉറവിടം നശിപ്പിക്കുക.
  • വെള്ളം ശേഖരിക്കുന്ന പാത്രങ്ങളും ടാങ്കുകളും ആഴ്ചയില്‍ ഒരിക്കലെങ്കിലും വൃത്തിയാക്കുക.
  • മഴവെള്ളം കിണറ്റില്‍ അതേ പടി ഒലിച്ചിറങ്ങുന്നത് ഒഴിവാക്കുക.
  • ഭക്ഷ്യവസ്തുക്കള്‍ ചെറുചൂടോടെ ഉപയോഗിക്കുക. പഴകിയ ഭക്ഷണം ഉപേക്ഷിക്കുക.
  • പച്ചക്കറികളും പഴങ്ങളും നന്നായി കഴുകി ഉപയോഗിക്കുക.
  • മത്സ്യ, മാംസങ്ങള്‍ നന്നായി വേവിച്ച് ഉപയോഗിക്കുക.


ഇതൊക്കെയാണെങ്കിലും ഓരോ രോഗവും ഓരോ കാലത്തിലും ഓരോ വ്യക്തിയിലും വിവിധ ഭാവഭേദങ്ങളോടെ പ്രത്യക്ഷപ്പെടാറുണ്ട്. അതുകൊണ്ട് രോഗംവന്നാല്‍ ഉടന്‍ ഡോക്ടറെ കാണണം. സ്വയം ചികിത്സ അരുത്.

News Source: Mathrubhumi Online,Manorama Online
Photo Credit : goodlightscraps

About the News

Posted on Monday, June 25, 2012. Labelled under , . Feel free to leave a response

2 comments for "പകര്‍ച്ചവ്യാധികള്‍ക്കെതിരെ കരുതിയിരിക്കുക"

  1. CIRCULATE THIS NEWS TO ALL
    NATTIL VACATIONIL POKUNNA ELLAVARUM PRATHYAKAM SRADIKKUKA(tc)

    KERALATHIL ULLAVARUM

  2. മഴ ചിത്രം അതിമനോഹരം.
    പക്ഷെ അസുഖങ്ങളെ കുറിച്ച് വായിച്ചു പേടി തോന്നുന്നു.നാട്ടില്‍ എല്ലാവരും ശ്രദ്ധിക്കാതെ നിവര്‍ത്തിയില്ല.

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive