ആറാട്ടുപുഴ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന ഉത്സവം : Global Organisation for Pravasis Urakam (GOPUR)

.
Published On: Wednesday, June 13, 2012

ആറാട്ടുപുഴ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന ഉത്സവം

ചേര്‍പ്പ്:ആറാട്ടുപുഴ ശ്രീശാസ്താ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ജൂണ്‍ 19, 20, 21, 22 തിയതികളില്‍ ആഘോഷിക്കും. ജൂണ്‍ 19ന് വൈകീട്ട് 6ന് ഗായകന്‍ ബിജു നാരായണന്‍ ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് വാങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കും ഡിഗ്രി പരീക്ഷയില്‍ 90 ശതമാനത്തിലേറെ മാര്‍ക്ക് കരസ്ഥമാക്കിയവര്‍ക്കും കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.സി.എസ് മേനോന്‍ സമിതിയുടെ വക ഉപഹാരങ്ങള്‍ സമ്മാനിക്കും. സി. രവീന്ദ്രനാഥ് എംഎല്‍എഅധ്യക്ഷത വഹിക്കും. തന്ത്രി കെ.പി.സി. നാരായണന്‍ ഭട്ടതിരിപ്പാട് അനുഗ്രഹപ്രഭാഷണം നടത്തും. തുടര്‍ന്ന് ആറാട്ടുപുഴ സൗഗന്ധികം തുള്ളല്‍-നാട്യ കളരി അവതരിപ്പിക്കുന്ന നൃത്തോത്സവം നടക്കും.

ജൂണ്‍ 20ന് രാവിലെ 9ന് കൊമ്പത്ത് ചന്ദ്രന്റെ പുല്ലാങ്കുഴല്‍ വാദനത്തോടെ ആരംഭിക്കുന്ന സംഗീതോത്സവത്തില്‍ ഇരുന്നൂറില്‍പരം സംഗീത ഉപാസകര്‍ സംഗീതാര്‍ച്ചന നടത്തും. വൈകീട്ട് 6.15ന് കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അവതരിപ്പിക്കുന്ന തായമ്പക നടക്കും. ജൂണ്‍ 21ന് സംഗീതാര്‍ച്ചനയ്ക്കുശേഷം വൈകീട്ട് 6.15ന് ചോറ്റാനിക്കര സുഭാഷ് നാരായണന്‍ മാരാര്‍ നയിക്കുന്ന പഞ്ചവാദ്യം, തായംകുളങ്ങര സുബ്രഹ്മണ്യക്ഷേത്രം അവതരിപ്പിക്കുന്ന തൃത്തോത്സവം.

ജൂണ്‍ 22ന് രാവിലെ 5ന് താന്ത്രികച്ചടങ്ങുകള്‍, 5.30ന് ചുറ്റുവിളക്ക്, 8ന് സംഗീതോത്സവത്തിന് സമാപനം കുറിച്ചുകൊണ്ട് തൃശ്ശൂര്‍ രാമകൃഷ്ണന്‍ മാസ്റ്ററും സംഘവും അവതരിപ്പിക്കുന്ന പഞ്ചരത്‌നകീര്‍ത്തനാലാപനം, 9ന് കളഭാഭിഷേകം എന്നിവയുണ്ടാകും. തന്ത്രി കെ.പി. ഉണ്ണിഭട്ടതിരിപ്പാട് കാര്‍മ്മികനാകും.

രാവിലെ 10.30ന് പ്രസാദ ഊട്ട് ആരംഭിക്കും. പതിനായിരത്തോളം ഭക്തജനങ്ങള്‍ പങ്കെടുക്കുന്ന പ്രസാദ ഊട്ട് ഉച്ചതിരിഞ്ഞ് 3 മണിവരെ ഉണ്ടാകും. 2.30ന് അഞ്ച് ആനകളുടെ അകമ്പടിയോടുകൂടി മതില്‍ക്കെട്ടിനുള്ളില്‍ പടിഞ്ഞാറെ നടപ്പുരയില്‍ എഴുന്നള്ളി നില്‍ക്കുന്ന ശാസ്താവിന്റെ തിരുമുമ്പില്‍ ഭക്തജനങ്ങള്‍ കൂട്ടപ്പറ സമര്‍പ്പിക്കും. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.സി.എസ്. മേനോന്‍ ആദ്യപറ നിറച്ച് തുടക്കം കുറിക്കും. തുടര്‍ന്ന് പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ നൂറ്റിയമ്പതോളം കലാകാരന്മാര്‍ പങ്കെടുക്കുന്ന പഞ്ചാരിമേളം വൈകീട്ട്6.30 വരെ ഉണ്ടാകും.

എല്ലാ ദിവസങ്ങളിലും ക്ഷേത്രത്തില്‍ രാവിലെയും വൈകീട്ടും ചുറ്റുവിളക്ക്, നിറമാല, ചന്ദനം ചാര്‍ത്ത്, വിശേഷാല്‍ പൂജകള്‍ എന്നിവ ഉണ്ടായിരിക്കും. ഈ ദിവസങ്ങളില്‍ ശ്രീലകത്ത് നെയ്‌വിളക്കുകള്‍ മാത്രമേ തെളിയിക്കുകയുള്ളൂ.


News Source, credit and thanks : Mathrubhumi Online
Photo: Ramesh Menon

About the News

Posted on Wednesday, June 13, 2012. Labelled under , . Feel free to leave a response

0 comments for "ആറാട്ടുപുഴ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന ഉത്സവം"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive