ബാല ഇന്ത സൈനില്‍ നിന്നും ബാലന്ടയിനിലേക്ക് ഒരോട്ടം … : Global Organisation for Pravasis Urakam (GOPUR)

.
Published On: Saturday, May 19, 2012

ബാല ഇന്ത സൈനില്‍ നിന്നും ബാലന്ടയിനിലേക്ക് ഒരോട്ടം …

                                                                                               ( ഒന്നാം ഭാഗം ഇവിടെ.... )

വാതില്‍ അടച്ചു ഒരു നിശ്വാസ്സത്തോടെ വീടിനുള്ളില്‍ തിരിച്ചെത്തിയ ബാലേട്ടന്‍ ടീവി ഓണ്‍ ചെയ്തു നോക്കി. ഒന്നും കാണാനില്ല. റേഡിയോ വാര്‍ത്ത‍ എങ്കിലും കേള്‍ക്കാം എന്ന് കരുതി ഓണ്‍ ചെയ്തപ്പോള്‍ അതില്‍ നിന്ന് കേള്‍ക്കുന്നതും ഇറാക്കി വാര്‍ത്താ വിവരണങ്ങള്‍ മാത്രം.
കാര്യം അത്ര പന്തിയല്ല എന്ന് തോന്നുന്നു. ബി ബി സി റേഡിയോ വച്ച് നോക്കി. കാര്യം ശരി തന്നെ. ഇറാക്ക് കുവൈത്ത് പിടിചെടുത്തിരിക്കുന്നു. ഈശ്വരാ ഇനി എന്ത് ചെയ്യും. ഭാഗ്യം ഭാര്യയും കുട്ടികളും അവധിക്കു നാട്ടില്‍ പോയതിനാല്‍ അവരുടെ സുരക്ഷയെ കുറിച്ച് ഭയപ്പെടേണ്ട. എന്ത് ചെയ്യണം ചെയ്യണ്ടാ എന്ന് ആലോചിച്ചു ഫോണില്‍ അടുത്ത കൂട്ടുക്കാരെ വിളിക്കാന്‍ ശ്രമിച്ചു. ഒന്നും കിട്ടുന്നില്ല.

ഇനി എന്ത് എന്ന് ആലോചിച്ചു ഇരിക്കാന്‍ ഉള്ള സമയം ഉണ്ടോ അതോ ഇറങ്ങി എങ്ങനെയെങ്കിലും എവിടെക്കെങ്ങിലും ഓടണോ എന്ന് ആലോചിച്ചു.. അപ്പോഴേക്കും സമയം കുറച്ചു കടന്നു പോയിരിന്നു...

ഏകദേശം ഒരു രണ്ടു മൂന്ന് മണിക്കൂര്‍ കഴിഞ്ഞു കാണും...വാതിലില്‍ വീണ്ടും മുട്ടല്‍...ഈശ്വരാ ഇനി ആരാണാവോ... നോക്കിയപ്പോള്‍ ആദ്യം വന്നു പോയ ഇറാക്കി പട്ടാളക്കാര്‍ തന്നെ വീണ്ടും വന്നിരിക്കുന്നു... കാലമാടന്മാര്‍ അവര്‍ തിരികെ വരും എന്ന് പറഞ്ഞത് കാര്യമായിട്ടയിരുന്നോ?

മടിച്ചു മടിച്ചു വാതില്‍ തുറന്നു... കുണ്ടോ അതില്‍ ഒരാള്‍ വിളിച്ചു... ഹിന്ദുസ്ഥാനി സെഇന്‍ - ഇന്ത്യക്കാര്‍ നല്ലവരാണ്.. ഞങ്ങള്‍ക്ക് നിന്റെ കയ്യില്‍ നിന്ന് ഇനിയും സാധനങ്ങള്‍ ആവശ്യം ഉണ്ട്.. നിന്റെ കയ്യില്‍ കുപ്പിയുണ്ടോ? അയാള്‍ ചോദിച്ചു... ഇല്ല എന്ന് പറഞ്ഞാല്‍ അയാള്‍ തപ്പും, പിന്നെ കിട്ടിയാല്‍ താന്‍ കളവു പറഞ്ഞു എന്ന് വരാം..അപ്പോള്‍ എന്തായിരിക്കും.. ഉടനെ പറഞ്ഞു ഒന്നോ രണ്ടോ കാണും... എടുക്കു ഞങ്ങള്‍ക്ക് ഒരു പാട് പണിയുള്ളതാണ്, നിന്റെ സ്റ്റോക്ക്‌ ഞങ്ങള്‍ കാണട്ടെ... ഭാഗ്യത്തിന് സാധാരണ മദ്യം വയ്ക്കാറുള്ള സ്ഥലത്ത്. രണ്ടു കുപ്പി സ്കോച് മാത്രമേ ഉണ്ടായിരുന്നുള്ളൂ.. അത് കാണിച്ചു കൊണ്ട് പറഞ്ഞു... അവിടെ ഉണ്ട്..അവര്‍ അത് എടുത്തു നോക്കി. ഏറ്റവും പുതിയ ഇനങ്ങള്‍ കാഴ്ചക്ക് ശേഖരിച്ചു വയ്ക്കുന്ന സ്വഭാവം ഉള്ളത് കൊണ്ട്..ആയിടെ ഇറങ്ങിയ ഒരു പുതിയ ഇനം ബ്രാന്‍ഡ്‌ ആയിരുന്നു അത്... അവര്‍ ചോദിച്ചു... ബാല ഇന്ത സെഇന്‍ .. തുറന്നു കഴിച്ചിട്ടില്ലാത്തത് കൊണ്ട് ബാലേട്ടന്‍ പറഞ്ഞു... സെഇന്‍ സെഇന്‍... അവര്‍ അതിലെ വില എഴുതിയിരിക്കുന്നത് നോക്കി - അന്നത്തെ വിലയില്‍ 60 ദിനാര്‍ ഓളം വില ഉണ്ട്.. ഇവന്‍ കേമന്‍ തന്നെ ആയിരിക്കും അവര്‍ തമ്മില്‍ തമ്മില്‍ പറഞ്ഞു. സന്തോഷം കൊണ്ട് അവര്‍ ബാലേട്ടന്റെ തോളില്‍ തട്ടി പറഞ്ഞു കൊണ്ടേ ഇരുന്നു... ബാല ഇന്ത സെഇന്‍.. ഇതിനിടയില്‍ എന്ത് തന്നെയായാലും ജീവന്‍ വേണമല്ലോ എന്ന് കരുതിയും കൂടെ ഒരിക്കലും വിട്ടു മറാത്ത ആദിത്യ മര്യാദയും എന്നത്തേയും പോലെ മുന്‍ നിറുത്തി കാപ്പി ഉണ്ടാക്കാന്‍ വച്ചിരുന്നു. നല്ല ചൂടുള്ള ബ്രൂ കോഫിയും ബിസ്ക്കറ്റും കൂടി ആയപ്പോള്‍ അവര്‍ക്ക് സന്തോഷം സഹിക്കാന്‍ കഴിഞ്ഞില്ല..

കിട്ടേണ്ടത് എല്ലാം കിട്ടിയപ്പോള്‍ അവര്‍ക്ക് സന്തോഷം കൂടി. അവര്‍ പറഞ്ഞു.. നീ നല്ല ഒരു ഹിന്ദുസ്ഥാനി ആണ്..നിനക്ക് ഒരു കുഴപ്പവും വരാതിരിക്കാന്‍ ഞങ്ങള്‍ ശ്രമിക്കാം. ഞങ്ങളുടെ കൈവശം ഇപ്പോള്‍ ഇതേ ഉള്ളു. നീ ഇത് കയ്യില്‍ വച്ച് കൊള്ളൂ. മക്കളുടെ ഫോട്ടോ കാണിച്ചു കൊണ്ട് പറഞ്ഞു... ഇത് അവര്‍ക്ക് കൊടുക്കൂ . ബാലേട്ടന് തന്റെ കണ്ണുകളെ വിശ്വസിക്കാന്‍ പറ്റിയില്ല... പത്തു മുപ്പതു കേട്ട് ചൂടാറാത്ത നോട്ടുകള്‍..

ഭഗവതി.. രണ്ടു എസ്സിയും രണ്ടു കുപ്പി കള്ളും പോയാലും എന്താ അവര്‍ നല്ലവര്‍ എത്ര പണം അതിനു പകരം തന്നിരിക്കുന്നു.. മൊബൈല്‍ ഇല്ലാത്ത കാലം. എന്തായാലും വേഗം രക്ഷപ്പെടണം ഇവിടെ നിന്ന്. വേഗം ഒരു ബാഗും കയ്യില്‍ കിട്ടിയ വസ്ത്രങ്ങളും..പിന്നെ അലമാരയില്‍ മാറ്റിവച്ചിരുന്ന ഒരു രണ്ടു കുപ്പിയും എടുത്തു പുറത്തേക്കു ഇറങ്ങി.. കയ്യിലെ ബാഗില്‍ വീട്ടില്‍ വാങ്ങി വച്ചിരുന്ന പൊറോട്ടയും കുബ്ബൂസും കൂടെ കരുതി. പിന്നെ കുറച്ചു വീഡിയോ ഓഡിയോ കാസ്സെട്ടുകളും വാരി ഇട്ടു കൂടെ. അപ്പോഴേക്കും മറ്റുള്ള വീടുകളിലെ ആളുകളും റോഡില്‍ ഉണ്ടായിരുന്നു... വഴിയില്‍ അങ്ങിങ്ങായി പുകയും വെടി ശബ്ദവും കേള്‍ക്കാം. ഈ ഓടുന്ന ഓട്ടത്തില്‍ ഒരു പരിചയക്കാരനും കൂടെ കൂട്ട് കിട്ടി. അയ്യാള്‍ ഈ തിരക്കിനിടയിലും ബാര്‍ബര്‍ ഷോപ്പ് ഇടയ്ക്കു അന്വേഷിക്കുന്നുണ്ടായിരുന്നു.. മുടി വെട്ടിയിട്ട് കുറച്ചു നാള്‍ ആയത്രേ..ഇങ്ങനെ ഈ കോളത്തില്‍ നാട്ടില്‍ പോകും അയാളുടെ സങ്കടം.

വഴിയില്‍ വീണ്ടും പട്ടാളക്കാരുടെ തടഞ്ഞു നിര്‍ത്തി പരിശോധിക്കല്‍.. അതില്‍ ഒരാള്‍ വന്നു വണ്ടിയില്‍ തല ഉള്ളിലേക്ക് ഇട്ടു നോക്കി... ആരാണ് എന്താണ് കയ്യില്‍ ഉള്ളതെന്ന് ഒക്കെ... നോക്കിയപ്പോള്‍ നല്ല പരിചയം... കുണ്ടോ കുണ്ടോ അയാള്‍ പറഞ്ഞു... ബാല എന്താ സൈന്‍ ... അപ്പോഴേക്കും താന്‍ കൊടുത്താ സാധനത്തിന്റെ രുചി അവര്‍ അറിഞ്ഞിരിക്കുന്നു.. അവര്‍ പറഞ്ഞു.. ഈ വണ്ടി വേഗം പോകട്ടെ.. ഈ ഹിന്ദുസ്ഥാനി.. നല്ലവന്‍ ആണ്... അങ്ങനെ ജോര്‍ദാന്‍ അതിര്‍ത്തിയില്‍ എത്തി.. അപ്പോഴും ചെക്ക്‌ ചെയ്യാന്‍ വന്നതില്‍ ഒരാള്‍ തന്റെ വീട്ടില്‍ വന്ന ആള്‍... അയാളും പോക്കറ്റില്‍ വീര്‍ത്തു ഇരിക്കുന്ന കുപ്പി കാണിച്ചു കൊണ്ട് പറഞ്ഞു... ബാല എന്താ സൈന്‍ ... നീ നല്ലവന്‍ ആണ്. നീ വേഗം പൊക്കോ..കൂടെ മുന്നിലും പിന്നിലും നില്‍ക്കുന്നവര്‍ അത്ഭുദം കൊണ്ട് നോക്കി.. ഇത് എന്ത് കഥ!

ഇറാക്ക് വഴി ആണ് യാത്ര. അവിടെ ചെന്നപ്പോള്‍. നാട്ടിലേക്ക് ഒരു കമ്പി അടിക്കാന്‍ പറ്റി. പേടിക്കേണ്ട, ഞാന്‍ പുറപ്പെട്ടിടുണ്ട്. അടുത്ത് തന്നെ നാട്ടില്‍ എത്തും. കൂലി ചോദിച്ചപ്പോള്‍ അവര്‍ വാങ്ങിയില്ല. കയ്യില്ല ഉള്ള ഒരു ഓഡിയോ ടേപ്പ് കൊടുത്തപ്പോള്‍ അയാള്‍ക്ക് സന്തോഷം ആയി.

കിട്ടിയ വണ്ടിയില്‍ ജോര്‍ദാന്‍ ലക്‌ഷ്യം ആക്കി നീങ്ങി.. ജോര്‍ദാന്‍ ഫ്രീ ലാന്‍ഡില്‍ പത്തു ദിവസ്സത്തോളം അങ്ങനെ ആകാശവും ഭൂമിയും നോക്കി ഒരു അന്ധ്യവും ഇല്ലാത്ത തരത്തില്‍ കാത്തു കിടന്നു. ഇന്ത്യന്‍ ഭരണ കൂടം വിമാനം ഒക്കെ ശരിയാക്കണ്ടേ ഇത്രയും ആളുകള്‍ക്ക്. അപ്പോഴേക്കും കയ്യില്‍ കരുതിയിരുന്ന കുബ്ബൂസും പൊറോട്ടയും വെള്ളവും എല്ലാം കഴിഞ്ഞിരുന്നു..

ജോര്‍ദാന്‍ വിമാന താവളത്തില്‍ പൂരത്തിന്റെ തിരക്ക്. നിയന്ത്രിക്കാന്‍ ആണെങ്കില്‍ രണ്ടു പോലീസ്സുകാര്‍ മാത്രം. കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന് പറഞ്ഞ പോലെ, വിമാനം വന്നാല്‍ മിടുക്കുള്ള ആള്‍ ഓടി കിട്ടുന്ന സീറ്റില്‍ ഇരിക്കാം. കൂടെ കുട്ടികളും ഭാര്യയും ഇല്ലാത്തത് എത്ര നന്നായി എന്ന് ഓര്‍ത്തു ദൈവത്തോട് നന്ദി പറഞ്ഞു.

ജോര്‍ദാനില്‍ നിന്ന് അങ്ങനെ ഒരു വിമാനത്തില്‍ ബാലേട്ടന്‍ ഒരു വിധത്തില്‍ കയറി പറ്റി. കയറിയ ഉടന്‍ അവര്‍ ഒരു ഓറഞ്ച് ജൂസും ഒരു സിഗരറ്റും തന്നു. അന്നൊക്കെ വിമാനത്തില്‍ പുകവലി നിരോധനം ഉണ്ടായിരുന്നില്ല.

മുംബൈ നഗരത്തില്‍ വന്നിറങ്ങി... അവിടെ അന്ന് ഒരു പാട് ഇന്ത്യക്കാര്‍ രക്ഷപ്പെട്ടു വന്നു കൊണ്ടിരിന്നു... പല വഴിയിലൂടെയും..

ഇറങ്ങിയ ഉടനെ അവര്‍ പറഞ്ഞു കുവൈറ്റില്‍ നിന്ന് രക്ഷപ്പെട്ടു വരുന്ന യാത്രക്കാര്‍ക്ക് ഗവര്‍മെന്റു അഞ്ഞൂറ് രൂപ കൊടുക്കുന്നുണ്ട്. അത് വാങ്ങി കൊള്ളൂ എല്ലാവരും. ആശ്വാസം. പക്ഷെ അവിടെയും ഭാഗ്യം എന്നെ കൈവിട്ടു. വരിയില്‍ നിന്ന് ആ ഉദ്യോഗസ്ഥന്റെ അടുത്ത് എത്തിയപ്പോള്‍ അയാള്‍ പറഞ്ഞു. ഇന്ന് വരുന്നവര്‍ക്ക് നൂറു രൂപയെ ഉള്ളു. ഫണ്ട്‌ എല്ലാം കഴിഞ്ഞിരിക്കുന്നു. (ഇതേ തുക പിറ്റേ ദിവസ്സം ഇ കെ നായനാര്‍ ഇടപ്പെട്ട് വീണ്ടും അഞ്ഞൂറ് ആക്കി !) അപ്പോള്‍ അവിടെയും നഷ്ടം.

നമ്മുടെ അല്ലെ കസ്റ്റംസ് വിഭാഗം അവര്‍ പരിശോദിക്കാന്‍ നിറുത്തി.. ബാലേട്ടന്റെ കൈവശം ആണെങ്കില്‍ വസ്ത്രങ്ങളും പിന്നെ ആ പട്ടാളക്കാര്‍ കൊടുത്ത നോട്ടു കൊണ്ട് ജോര്‍ദാനില്‍ നിന്ന് തന്റെ പ്രിയപ്പെട മക്കള്‍ക്ക്‌ വേണ്ടി വാങ്ങിയ കുറച്ചു കുട്ടി ഉടുപ്പുകളും ചെരുപ്പും പിന്നെ അപ്പോഴേക്കും പ്രശസ്തമായ ആ രണ്ടു കുപ്പികളും... അവര്‍ നോക്കി.. ഇത് എന്ത് മനുഷ്യന്‍ ... ഇതെന്താ പുതിയ ഒരു ബ്രാന്‍ഡ്‌...ബാലേട്ടന്‍ എന്തോ ഓര്‍മയില്‍ എന്നാ പോലെ പറഞ്ഞു ബാല എന്താ സൈന്‍... ആ ഹിന്ദിക്കാരന്‍ അത് കേട്ട് തിരച്ചു പറഞ്ഞു ബാലന്ടയിന്‍ ... അങ്ങനെ ഒരു പുതിയ ബ്രാന്‍ഡ്‌ അവിടെ രൂപം കൊണ്ടൂ...ബാലന്റയിന്‍.....ഏതു പ്രതികൂല സാഹചര്യത്തിലും വിശ്വാസ്സത്തോടെ കയ്യില്‍ വക്കാനും.. കഴിച്ചാല്‍ കഴിച്ചവര്‍ തിരിച്ചു കടിക്കാത്തതും ആയ വിശ്വോത്തര ബ്രാന്‍ഡ്‌...

ബാലേട്ടന്റെ കൈ വശം ഉള്ള രണ്ടാമാത്തെ ബാഗ്‌ കണ്ട ആ വടക്കേ ഇന്ത്യക്കാരന്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്റെ കണ്ണ് തള്ളി... നിന്റെ കയ്യില്‍ ഇത്ര അധികം പണമോ... ഇത് എവിടെ നിന്ന്.. അവര്‍ ചോദിച്ചു.. ബാലേട്ടന്‍ വിറച്ചു കൊണ്ട് പറഞ്ഞു.. ഇത് എന്റെ സാധനങ്ങള്‍ മുഴുവനും ഇറാക്കി പട്ടാളക്കാര്‍ക്ക് വിട്ടു കിട്ടിയതാണ്. കുറെ സ്വര്‍ണവും ഇലക്ട്രോണിക് ഉപകരണങ്ങളും ഒക്കെ ഉണ്ടായിരുന്നു.. അവര്‍ അതിന്റെ വിലയിട്ടു തന്നതാണ്..

വിടുമോ നമ്മുടെ കക്ഷികള്‍.. അവര്‍ കൂടി നിന്ന് ആലോചിച്ചു... അതില്‍ നിന്ന് ഒരു മൂന്ന് നാല് കേട്ട് വീധം അവര്‍ രണ്ടു മൂന്ന് പേര്‍ വീടിച്ചു എടുത്തു....സാരമില്ല എന്നാലും ഒരു കുറച്ചു കെട്ടുകള്‍ ഉണ്ടല്ലോ ഭാക്കി. ബാലേട്ടന്‍ ആശ്വസിച്ചു ... അവര്‍ എടുത്ത നോട്ടുകള്‍ നോക്കിയിരുന്നു... അത് ഡോളര്‍ ആയിരുന്നു.. തന്റെ കയ്യില്‍ ഉള്ളത് ദിനാറും.. സാരമില്ല ദിനാറിനും നല്ല വിലയുള്ളതല്ലേ.. ബാലേട്ടന്‍ സ്വയം പറഞ്ഞു.. മക്കള്‍ക്ക്‌ വേണ്ടി എന്തെങ്കിലും ചെയ്യണം...

പുറത്തു ഇറങ്ങി ... നാട്ടിലേക്ക് വണ്ടി പിടിക്കണം. ഫോണ്‍ ചെയ്യണം... എന്ന് മനസ്സില്‍ കരുതി..നോക്കുമ്പോള്‍ പത്രക്കാരും രടിഒയോക്കാരും തന്നെ വളഞ്ഞു. എന്താണ് ഇപ്പോള്‍ അവിടുത്തെ അവസ്ഥ.. നിങ്ങള്‍ എങ്ങനെ എത്തി.. എന്തൊക്കെ കഷ്ടപ്പാട് സഹിച്ചു... എല്ലാ ഭാഷകളിലും തുരുതുരാ ചോദ്യങ്ങള്‍. നില്‍ക്കാനോ ഇരിക്കാനോ വയ്യാത്ത അവസ്ഥ. അവര്‍ ഉണ്ടോ വിടുന്നു.

ഒരു  വിധത്തില്‍  അവരില്‍ നിന്നെല്ലാം രക്ഷപ്പെട്ടു മുംബയില്‍ ഉള്ള എന്റെ കൂട്ടുകാരുടെ കൂടെ നഗരത്തില്‍ എത്തി..അവരുടെ കയ്യില്‍ ഓറഞ്ച് അടക്കം വെള്ളവും മറ്റു ഭക്ഷണ സാധനങ്ങളും ഉണ്ടായിരുന്നു. പത്തു ദിവസ്സത്തെ പട്ടിണി കൊണ്ട് കണ്ടാല്‍ തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥ...

അവിടെ നിന്ന് അവരുടെ കൂടെ അടുത്ത് കണ്ട പണമിടപാട് സ്ഥാപനത്തില്‍ കയറി.. ചോദിച്ചു... എന്റെ കൈവശം കുറെ ദിനാര്‍ ഉണ്ട്.. അത് മാറി ഇന്ത്യന്‍ രൂപ വേണം... അയാള്‍ക്ക് ആളെ കണ്ടപ്പോഴേ മനസ്സിലായി ഇത് കുവൈറ്റില്‍ നിന്നുള്ള ആളാണെന്നു.. അയാള്‍ പറഞ്ഞു.. കാണട്ടെ നിന്റെ കൈവശം ഉള്ള പണം.. കെട്ടുകള്‍ എടുത്തു കൊടുത്തു... അയാള്‍ ഒരു നോട്ടം നോക്കി പറഞ്ഞു.. ഇത് കുട്ടികള്‍ക്ക് കളിക്കാന്‍ കൊടുത്തോളൂ. ഈ നോട്ടുകള്‍ക്ക് ഇപ്പോള്‍ ഒട്ടും വിലയില്ല... നിനക്ക് വേണമെങ്കില്‍ ഇത് തിരിച്ചു കൊണ്ട് പോകാം അല്ലെങ്കില്‍ ഇവിടെ തന്നെ കളയാം... നിന്റെ കയ്യില്‍ ഡോളര്‍ ഉണ്ടെങ്കില്‍ തരൂ അത് ഞങ്ങള്‍ മാറി തരാം അത് മാത്രമേ ഞങ്ങള്‍ ഇപ്പോള്‍ എടുക്കുന്നുള്ളൂ..

ബാലേട്ടന്‍ തലയ്ക്കു കൈ വച്ച് പോയി.. തന്റെ കൈ വശം ഉള്ള ഡോളര്‍ എല്ലാം വേറെ വലിയ കള്ളന്മാര്‍ കൈവശപ്പെടുത്തിയിരിക്കുന്നു... തിരിച്ചു നടന്നു.. അപ്പോള്‍ ആ ജോലിക്കാരന്‍ പറഞ്ഞു. നിനക്ക് വേണമെങ്കില്‍ ഇത് വച്ച് കൊള്ളൂ - നൂറു രൂപയുടെ രണ്ടു നോട്ടുകള്‍...

ഒന്നും മിണ്ടാന്‍ ഇല്ലാത്ത അവസ്ഥ... ഇനി എന്ത് ഇനി എങ്ങനെ നാട്ടില്‍ ഇതും.. ഈ വക ചിന്തകളുമായി റെയില്‍വേ സ്റ്റേഷനില്‍ ബാലേട്ടന്‍ എത്തി. അവിടെയും നല്ല തിരക്ക്. പോയാല്‍ എന്താണ് ഇനി ഉപജീവനത്തിന് മറ്റു വഴികള്‍... ബാലേട്ടന്‍ സ്വയം ആലോചിച്ചു ഇരുന്നു.. അപ്പോഴേക്കും ട്രെയിന്‍ പുറപ്പെടാന്‍ ഉള്ള വിസില്‍ മുഴങ്ങിയിരുന്നു..

ശേഷം അടുത്ത ലക്കത്തില്‍
മൂന്നാംഭാഗം ഇവിടെ....

(Illustrations by Navya Balagopal)

ഊരകം ദേശത്തു നിന്ന് പ്രവാസ ലോകത്തേക്ക് പ്രയാണം ആരംഭിച്ച കുണ്ടുവാര ബാലഗോപാല മേനോന്‍, പൊതുവെ സൌമ്യനും സരസ്സനും എന്നാല്‍ അതേ സമയം കാര്യങ്ങള്‍ സരളമായും നര്‍മ്മ ബോധത്തോട് കൂടിയും അവതരിപ്പിക്കാന്‍ വിദഗ്തനുമാണ്. അദ്ധേഹത്തിന്റെ ജീവിതത്തില്‍ ദൈന്യം ദിനം നടക്കുന്ന ചില ചില്ലറ നര്‍മ നിമിഷങ്ങളും നുറുങ്ങുകളും ആണ് ഞാന്‍ ഇവിടെ ബാലേട്ടന്‍ കഥകള്‍ എന്ന രൂപത്തില്‍ അവതരിപ്പിക്കുന്നത്‌. കഥയില്‍ കടന്നു വരുന്ന കഥാപാത്രങ്ങളെയോ കഥാ സൃഷ്ടികള്‍, നിമിഷിങ്ങള്‍, ഉദാഹരണങ്ങള്‍ എന്നിവയോ യാതൊരു കാരണവശാലും ഒരു തരത്തിലും വ്യക്തിഹത്യ ഉദ്ദേശിച്ചു ഉള്ളതല്ല.

About the News

Posted on Saturday, May 19, 2012. Labelled under , , , , . Feel free to leave a response

1 comments for "ബാല ഇന്ത സൈനില്‍ നിന്നും ബാലന്ടയിനിലേക്ക് ഒരോട്ടം …"

  1. ആഹാ ! ! ! ബാല ഇന്ത സൈനില്‍ നിന്നും ബാലന്റയിനെക്കുള്ള - ഈ transition അസ്സല്‍ ആയിരിക്കുന്നു. ... "അതിഥി ദേവോ ഭവ " എന്ന് ചിന്തിച്ചു ബാലേട്ടന്‍ പട്ടാളക്കാരെ സ്വീകരിച്ചതിനാല്‍ ദൈവം തുണച്ചു ....
    നവ്യയുടെ ഇല്ലുസ്ട്രറേന്‍സ് നന്നായിട്ടുണ്ട് ...ഭാവുകങ്ങള്‍ ! ! !

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive