ഹാവൂ, ഇമ്മടെ തൃശൂര്‍ എത്തി... : Global Organisation for Pravasis Urakam (GOPUR)

.
Published On: Sunday, May 27, 2012

ഹാവൂ, ഇമ്മടെ തൃശൂര്‍ എത്തി...


ഒന്നാം ഭാഗം... 
രണ്ടാം ഭാഗം ....

വയറു നിറയെ ഭക്ഷണം കിട്ടി ട്രെയിനില്‍ കയറിയപ്പോള്‍ ഒരു ആശ്വാസം കിട്ടി. എന്തൊക്കെ ഒരു തോന്നലുകള്‍ മനസ്സിലൂടെ കടന്നു പോകാന്‍ അവസ്സരവും അപ്പോഴാണ്‌ തനിയെ വന്നത്. തീര്‍ത്തും കുണ്ടുവാര ബാലഗോപാല മേനോനെ തിരിച്ചു കിട്ടിയ പോലെ ഒരു തോന്നല്‍. ഉള്ളില്‍ തന്നെത്താന്‍ വിളിച്ചു പോയി അമ്മേ നാരായണ... കൃഷ്ണാ ഗുരുവായൂരപ്പാ... 

ഉണങ്ങിയ കുബ്ബൂസും വെള്ളവും കിട്ടി കിട്ടിയില്ല എന്ന നിലയില്‍ നിന്ന് നല്ല നാടന്‍ അരിയുടെ ചോറ് ഉണ്ടാല്‍ ഇതു മലയാളിയും ഇതൊക്കെ തന്നെ ആയിരിക്കും എന്ന് എനിക്ക് തന്നത്താന്‍ തോന്നി. ആ ഒരു സുഖം പറയാതെ ഇരിക്കാന്‍ വയ്യാ. 

 ആ യാത്രയും ഒരു ചക്കാത്തു യാത്രയായിരുന്നു. ഭരണകൂടം കുവൈറ്റില്‍ നിന്ന് എല്ലാം ഇട്ടെറിഞ്ഞു വന്ന നാട്ടുക്കര്‍ക്കു ഉള്ള അവരുടെ ഒരു കാരുണ്യം!! അവിടെയും ആദ്യം ഓടി കയറുന്നവന് ആദ്യത്തെ സീറ്റ്‌ എന്ന് പറഞ്ഞ അവസ്ഥ.. എന്തായാലും തൃശൂരിലേക്ക് ഉള്ള വണ്ടി കയറാന്‍ പറ്റിയല്ലോ എന്നാ ആശ്വാസം. രണ്ടു ദിവസ്സത്തെ ട്രെയിന്‍ യാത്രക്ക് വേണ്ട സാധനങ്ങള്‍ കൂട്ടുക്കാര്‍ തന്നിരുന്നു പഴവും, കുറെ മുംബൈ പലഹാരങ്ങളും അങ്ങനെ പലതും. വീട്ടില്‍ എത്തുന്നതിനു മുന്‍പേ തന്റെ ക്ഷീണിതനായ അവസ്ഥ വീട്ടുക്കാര്‍ കാണാതിരിക്കാന്‍ വേണ്ടി പരമാവധി പഴവും മറ്റും ആദ്യം മുതലേ വയറ്റിലേക്ക് അടിച്ചു കയറ്റി. തന്റെ അവസ്ഥ കണ്ടു അവര്‍ ദുഖിക്കരുത് എന്ന് കരുതി. 

 പറയുമ്പോള്‍ കുവൈറ്റില്‍ നിന്ന് വന്നവരെക്കാളും കഷ്ടമായിരുന്നു നമ്മുടെ ട്രെയിനിന്റെ അവസ്ഥ. കുറെയേറെ മുംബൈ മലയാളി സംഘടനകള്‍ ഭക്ഷണ സാധനങ്ങള്‍ കൊണ്ട് വന്നു എല്ലാ യാത്രക്കാരെയും യാത്രയാക്കി. ക്ഷീണം കൊണ്ട് എല്ലാവരും വണ്ടി പുറപ്പെട്ടു കുറച്ചു നേരത്തിനുള്ളില്‍ തന്നെ നല്ല ഉറക്കമായി. ഞാന്‍ മാത്രം എന്തൊക്കെയോ ആലോചിച്ചു കണ്ണ് തുറന്നിരുന്നു. പൊതുവേ ഉറക്കം കുറവാണ്. ഇപ്പോള്‍ ഇങ്ങനെ ഒക്കെ സംഭവിച്ചതില്‍ ഉള്ള ആശങ്ക. കൂടാതെ കയിലുള്ള ബാലന്ടയിനും, തന്റെ കല്യാണത്തിന്റെ വീഡിയോയും പിന്നെ ആ പണമിടപാടുകാര്‍ തിരിച്ചു തന്ന ഭാക്കിയുണ്ടായിരുന്ന ആര്‍ക്കും ആണ് വേണ്ടാതിരുന്ന കുറെ ദിനാരുകളും. വീഡിയോ ഒരെണ്ണം ഇറാക്കികള്‍ കൊണ്ട് പോയത് കൊണ്ട് ഇത് അമൂല്യമായിരുന്നു. മാത്രമല്ല, അന്നത്തെ കാലത്ത് വിശദമായി എടുത്ത ആ വീഡിയോയില്‍ നാട്ടിലെ ഒരു വിതം പഴയ ആളുകളും, സ്ഥലങ്ങളും കാര്യങ്ങളും ഒക്കെ ഉണ്ടായിരുന്നു. അത് ഒരിക്കലും നഷ്ടപ്പെടാന്‍ പാടില്ല... അങ്ങനെ ചിന്തകളും യാത്രയിലെ ഉത്തരാവാധിത്ത്വങ്ങളും പലവിധം ഓടി കൊണ്ടിരിക്കുന്ന ആ തീവണ്ടിയിലൂടെ ഉള്ള കാഴ്ചകള്‍ എന്ന പോലെ കടന്നു പോയി.. 

 കൂടെ ഉണ്ടായിരുന്ന യാത്രക്കാരുമായി പെട്ടെന്ന് പരിചയമായിരുന്നു. അവര്‍ എന്നെ യാത്രയിലുടനീളം ഒരു കാര്യത്തിനും ബുദ്ധിമുട്ടിച്ചില്ല ബാലേട്ടനെ തൃശ്ശൂര്‍ എത്തിക്കേണ്ട തന്റെതാണ് എന്ന് പറഞ്ഞു കൊണ്ട് പലരും അത് സ്വയം ഏറ്റെടുത്തു. ഒരു പക്ഷെ തന്റെ അവരോടുള്ള പെരുമാറ്റം കൊണ്ടായിരിക്കാം അത്. ചാവക്കാട് നിന്നുള്ളവരായിരുന്നു അധികവും. ചില ചില്ലറ സഹായങ്ങള്‍ ഞാനും യാത്രയില്‍ ഉടനീളം അവര്‍ക്കും ചെയ്തു കൊടുത്തിട്ടുണ്ടാവാം. അങ്ങിനെ വണ്ടി തൃശ്ശൂര്‍ സ്റ്റേഷന്‍ എത്താറായി. എല്ലാവരും സന്തോഷം കൊണ്ട് തുള്ളി ചാടി. കാരണം ഇങ്ങനെയെങ്കിലും ഇവിടെ എത്താനുള്ള ഭാഗ്യം ഉണ്ടാവുമോ എന്ന് ജോര്‍ദാന്‍ അതിര്‍ത്തിയിലെ ആ ക്യാമ്പില്‍ ഇന്ത്യയില്‍ നിന്ന് വരുന്ന രക്ഷാ വിമാനവും കാത്തു കിടന്ന നാളുകളില്‍. എല്ലാവരും ഒരേ പോലെ ചിന്തിച്ചു പോയി.. ആരുടെയൊക്കെയോ പ്രാര്‍ഥനയുടെ ഫലം. മുംബയില്‍ നിന്ന് പുറപ്പെടുമ്പോള്‍ തന്നെ വീട്ടിലേക്കു വിവരം അറിയിച്ചിരുന്നത് കൊണ്ട് വീട്ടുകാര്‍ (ഭാര്യയും കുട്ടികളും) സ്റ്റേഷനില്‍ വരും എന്ന സന്തോഷവും... 

ഉള്ള സാധനങ്ങള്‍ എല്ലാം കയ്യില്‍ ഭദ്രമായി പിടിച്ചു കൊണ്ട് ട്രെയിനില്‍ നിന്ന് ഗമയോടെ തന്നെ ഇറങ്ങി, ഫ്ലൈറ്റ് ഇറങ്ങുന്ന അതെ ഗമയില്‍ തന്നെ..ഈ ഓട്ടം ഓടുന്നതിനിടയിലും ജോര്‍ദാനില്‍ നിന്ന് വാങ്ങിയ കൂളിംഗ്‌ ഗ്ലാസ്‌ ഉച്ച നേരമായതിനാല്‍ വക്കാനും മറന്നില്ല. ഒന്ന് അഹങ്കരിച്ചുവോ എന്നൊരു സംശയം!! നല്ല ഒരു മേനോന്‍ തന്നെ ഞാന്‍ ഇപ്പോഴും..   അവിടെയും പത്രപ്രവര്‍ത്തകര്‍ നിറഞ്ഞിരുന്നു ആ ട്രെയിനിന്റെ വരവും കാത്തു. ഇത്രയും പേരുണ്ടായിട്ടും ഏതോ ഒരു ചാനല്‍ എന്നെ മാത്രം കണ്ണ് വച്ചു - അന്ന് ഇന്നത്തെ പോലെ അത്രയ്ക്ക് അധികം ചാനലുകള്‍ ഇല്ലാത്ത കാലം. ചേട്ടാ - ഒരു മിനിറ്റ് ഒരു ഇന്റര്‍വ്യൂ തരണം - സമയം ഇല്ല - ഞാന്‍ ക്ഷീണിതന്‍ ആണ് - ഉടന്‍ വീടെത്തണം എന്നൊക്കെ പറഞ്ഞു നോക്കി. അവര്‍ കാലു പിടിക്കും എന്നുള്ള അവസ്ഥ..ശരി ആയിക്കോട്ടെ എന്ന് വിചാരിച്ചു. കുവൈറ്റില്‍ ഉള്ള സമയത്ത് കുവൈറ്റ്‌ ടൈംസ്‌ പത്രത്തില്‍ നടത്തുന്ന ബിന്ഗോ മത്സരത്തില്‍ വിജയി ആയ സമയത്ത് ആ പത്രത്തില്‍ തന്റെ പടം അച്ചടിച്ച്‌ വന്നിരുന്നു... എന്നാല്‍ ഒന്നും കൂടി ആയിക്കോട്ടെ തന്റെ പടം പത്രത്തിലോ ടീവിയിലോ എന്ന് വിചാരിച്ചു അവര്‍ക്ക് നിന്ന് കൊടുക്കാന്‍ തന്നെ തീരുമാനിച്ചു.

 അവര്‍ തുരുത്തുരാ ചോദ്യങ്ങള്‍ തൊടുത്തു വിട്ടു..ചേട്ടന് എന്തൊക്കെ നഷ്ടമായി?, എന്തൊക്കെ പോയി?, അടി വല്ലതും കിട്ടിയോ അവരുടെ കയ്യില്‍ നിന്ന് ?. എന്തൊക്കെ സാധനങ്ങള്‍ പോയി?, കുവൈറ്റില്‍ എത്ര മലയാളികള്‍ മരിച്ചു? അവിടെ അവശേഷിചിരിക്കുന്നവര്‍ക്ക് തിരിച്ചു വരാന്‍ പറ്റുമോ? ചേട്ടന്‍ ഇനി എന്ത് ചെയ്യും ഇവിടെ നാട്ടില്‍?, അങ്ങനെ തുടര്‍ന്ന് കൊണ്ടേ ഇരുന്നു അവരുടെ ചോദ്യശരങ്ങള്‍ ... അവരുടെ ചോദ്യം ചോദിക്കുന്ന ആവേശം എന്നിലേക്ക്‌ പകര്‍ന്നിട്ടോ എന്തോ ഞാന്‍ പറയാന്‍ തുടങ്ങി - രണ്ടു മെഴ്സിടിസ് ബെന്‍സ്‌, ഒരു ബി എം ഡബ്ല്യു, രണ്ടു ടൊയോട്ട, അഞ്ചു ഫ്ലാറ്റുകള്‍, ആ വീടുകളില്‍ ഉള്ള എല്ലാ സാധനങ്ങളും, പിന്നെ അവിടെ വീട്ടില്‍ ലോക്കറില്‍ വച്ചിരിക്കുന്ന രണ്ടു മൂന്ന് കിലോ സ്വര്‍ണവും അവിടെ ബാങ്കില്‍ കിടക്കുന്ന സര്‍വ സ്വത്തും - ഇതൊക്കെ ഇട്ടെറിഞ്ഞു ജീവന്‍ മാത്രം മതി എന്ന് പറഞ്ഞു ഓടി വന്നിരിക്കയാണ്.. എന്ന് ഞാന്‍ പറഞ്ഞു. ഈശ്വരാ പാവം എന്നായിരുന്നു അവരുടെ പ്രതികരണം... എല്ലാവര്ക്കും സങ്കടം സഹിക്കാന്‍ പറ്റുന്നില്ല എന്റെ പറച്ചില്‍ കേട്ടിട്ട് .. ശരിക്കും പോയത് എനിക്കല്ലേ അറിയൂ - ഒരു ദോശക്കല്ലും ഒരു ഇഡ്ഡലി പാത്രവും മറ്റു ചില്ലറ സാധനങ്ങളും മാത്രം പോയ ഒരു വീമ്പു പറയാന്‍ വേണ്ടി വച്ച് കാച്ചിയത് കേട്ടാല്‍ ആരുടേയും കണ്ണ് നിറയും.

ഒരു മിനിറ്റ് തരാന്‍ പറഞ്ഞ അവര്‍ രണ്ടു മണിക്കൂര്‍ എന്നെ ചോദ്യം ചെയ്തു കൊന്നു... ടീവിയില്‍ എന്റെ മുഖം ഒന്ന് കാണാന്‍ ഉള്ള കൊതി കൊണ്ട് ഞാനും അവരുടെ കൂടെ രസിച്ചു പൊങ്ങി അവരുടെ ചോദ്യങ്ങള്‍ക്ക് തകര്‍പ്പന്‍ മറുപടിയും സങ്കടങ്ങളും പറഞ്ഞു കൊണ്ടേ ഇരുന്നു. കുചേലന്റെ അവസ്ഥ .. ഭഗവാന്‍ കൃഷ്ണന്റെ സല്‍ക്കാരത്തില്‍ എല്ലാം മറന്നു താന്‍ ഒന്നും ഇല്ലാത്തവനാണ് എന്ന് പറയാന്‍ മറന്ന അതെ അവസ്ഥ... കാത്തിരിക്കുന്ന തന്റെ കുടുംബത്തെയും ആ നിമിഷിങ്ങളില്‍ മറന്നു പോയി. 

 പെട്ടെന്ന് സ്ഥലകാല ബോധം വന്നപ്പോള്‍ അവരോടു ബൈ പറഞ്ഞു പുറത്തേക്കിറങ്ങി ... ആരും തന്നെ കൊണ്ട് വരാന്‍ വന്നിട്ടില്ലേ എവിടെ അവരെല്ലാം - എന്ത് പറ്റി - അവര്‍ക്ക് തന്നെ ഇപ്പോഴേ വേണ്ടാതായോ ? പല തരത്തില്‍ ഉള്ള ചിന്തകള്‍ ആയി മനസ്സില്‍. അങ്ങനെ എല്ലായിടത്തും കണ്ണുകള്‍ ഓടിച്ചു, കുചേലന്റെ, അല്ല പത്രക്കാരുടെ കോടിശ്വരന്‍ ആയ ബാലേട്ടന്‍ അവിടെയെല്ലാം കണ്ണോടിച്ചു കാത്തു നിന്നു ... 


 (ബാലേട്ടനെ സ്വീകരിക്കാന്‍ അദ്ദേഹത്തിന്റെ ഭാര്യും കുട്ടികളും റെയില്‍വേ സ്റ്റേഷനില്‍ വന്നില്ലേ..., ബാലേട്ടനെ കണ്ടപ്പോള്‍ അവരുടെ പ്രതികരണം എന്തായിരുന്നൂ, കാത്തിരിക്കൂ അടുത്ത ലക്കത്തില്‍ )

(Illustrations by Navya Balagopal)

                              ഒന്നാം ഭാഗം ഇവിടെ ... 
              
                                                                                                                  രണ്ടാം ഭാഗം ഇവിടെ.....

About the News

Posted on Sunday, May 27, 2012. Labelled under , , , , . Feel free to leave a response

4 comments for "ഹാവൂ, ഇമ്മടെ തൃശൂര്‍ എത്തി..."

  1. നന്നായിരിക്കുന്നു. ഒറ്റ ശ്വാസത്തില്‍ വായിച്ചു തീര്‍ത്തു. തുടര്‍ന്നുള്ള ലക്കങ്ങള്‍ക്കായി കാത്തിരിക്കുന്നു. നന്ദി.

  2. Balettaa......adipoli aakundu......:)

  3. Baletta,baletta, njangal kaathirikkunnu. aa orma cheppu thurannu parayarullathellam pazhvakkukal aayi pokathirikkan oridam.. and good illustration by Navya..

  4. ബാലേട്ടാ, ഒരു മാസത്തിലും അധികമായി പുതിയ ലക്കത്തിനു വേണ്ടി കാത്തിരിക്കുന്നു. എന്നാണ് വരിക, പെട്ടെന്ന് ആയിക്കോട്ടെട്ടോ. ആശംസകളോടെ......രഘു

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive